ചുരുങ്ങിയ കാലം കൊണ്ടുതന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ വന്ന മേഖലയാണ് കമ്പ്യൂട്ടര്‍ സയന്‍സ്. എങ്കിലും കഴിഞ്ഞ 25 വര്‍ഷങ്ങളായി ഘടനയില്‍ കാര്യമായ മാറ്റമൊന്നും വരാഞ്ഞ ഒരു സുപ്രധാന സോഫ്ട്‌വേര്‍ ആണ് 'ബയൊസ്'. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങുന്നത് ബയോസ് ആണ്. കമ്പ്യൂട്ടറിന്റെ അനുബന്ധ ഭാഗങ്ങളായ മെമ്മറി (റാം), ഫ്‌ളോപ്പി ഡിസ്‌ക്, ഹാര്‍ഡ് ഡിസ്‌ക്, സിഡി െ്രെഡവ് തുടങ്ങിയവ തിരിച്ചറിയുകയും അവ ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടോ എന്നു മനസ്സിലാക്കുന്നത് ബയോസാണ്. ഇതിനെ 'പവര്‍ ഓണ്‍ സെല്‍ഫ് ടെസ്റ്റ്' (പോസ്റ്റ്) എന്നു വിളിക്കുന്നു. കൂടാതെ മദര്‍ ബോര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റു കാര്‍ഡുകളിലുള്ള (ഗ്രാഫിക്‌സ്, എസ് സി എസ് ഐ തുടങ്ങിയവ) ബയോസ് സോഫ്ട്‌വേറുകളുടെ പ്രവര്‍ത്തനമാരംഭിക്കാന്‍ സഹായിക്കുന്നതും ബയോസ് ആണ്.
ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ വിന്‍ഡോസ്, മാക്, ലിനക്‌സ് തുടങ്ങിയവ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കുകളില്‍ ആണ് ശേഖരിച്ചു വച്ചിരിക്കുക അവയെ അതിവേഗ മെമ്മറിയായ റാമിലേക്കു മാറ്റിയാല്‍ മാത്രമേ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം ആരംഭിക്കൂ. ഇതിനെ ബൂട്ടിംഗ് എന്നാണ് വിളിക്കുന്നത്. ഇത്തരത്തില്‍ ബൂട്ടിംഗ് നടത്താന്‍ കമ്പ്യൂട്ടറിനെ സഹായിക്കുന്നതും ബയോസ് ആണ്. ചുരുക്കത്തില്‍ ബയോസിന് എന്തെങ്കിലും തകരാറു സംഭവിച്ചാല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കില്ല. ഓപ്പറേറ്റിങ് സിസ്റ്റം കമ്പ്യൂട്ടറിന്റെ ജീവന്‍ ആണെങ്കില്‍ ബയോസ് ജീവവായു ആണ്. ഇത്തരത്തില്‍ വളരെ പ്രധാന്യമര്‍ഹിക്കുന്ന ബയോസ് ഇപ്പോഴും ഇരുപതാം നൂറ്റാണ്ടില്‍ തന്നെയാണ്. നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സാങ്കേതികവിദ്യയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല.
വീണ്ടും എഴുതാനും മായ്ക്കാനും കഴിയാത്ത റോം ചിപ്പുകളില്‍ ആണ് തൊണ്ണൂറുകളില്‍ ബയോസ് സൂക്ഷിച്ചിരുന്നത്. അതായത് കലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമായിരുന്നില്ല. 1995 ല്‍ EPROM ചിപ്പുകളില്‍ ബയോസ് വന്നു തുടങ്ങി. പ്രത്യേക അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ട് മായ്ച്ച് വീണ്ടും പ്രോഗ്രാം ചെയ്യാം എന്നുവന്നു. പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ചു കാലോചിതമായി മാറ്റി എഴുതാന്‍ കഴിയുന്ന ഫ്‌ളാഷ് മെമ്മറിയില്‍ ആണ് ഇപ്പോള്‍ ബയോസ് സൂക്ഷിക്കുന്നത്. ഇത്തരത്തില്‍ ബയോസ് പ്രോഗ്രാം മാറ്റി എഴുതുന്നതിനെ 'ബയോസ് ഫ്‌ളാഷിംഗ്' എന്നു വിളിക്കുന്നു.
കാല്‍നൂറ്റാണ്ടായി കാര്യമായ മാറ്റത്തിന് വിധേയമാകാത്ത ബയോസും മാറുകയാണ്. യു. ഇ. എഫ്. ഐ (യൂണിഫൈഡ് എക്സ്റ്റന്‍ഡിബിള്‍ ഫിംവെയര്‍ ഇന്റര്‍ഫേസ്) എന്ന പുതിയ സാങ്കേതികവിദ്യ ബയോസിനെ പിന്‍തള്ളുന്നു. വിപണിയില്‍ പരസ്പരം കടിപിടി കൂടുന്ന സോഫ്ട്‌വേര്‍, ഹാര്‍ഡ്‌വേര്‍ രംഗങ്ങളിലെ അതികായരായ പതിനൊന്നു കമ്പനികള്‍ ഒറ്റക്കെട്ടായാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ സോഫ്ട്, ആപ്പിള്‍, ഐ ബി എം, എ എം ഡി, ഡെല്‍ , എച് പി, ലെനോവോ, ഫീനിക്‌സ്, ഇന്റല്‍, അമേരിക്കന്‍ മെഗാ ട്രെന്റ്, ഇന്‍സൈഡ് എന്നിവയാണ് ആ കമ്പനികള്‍. ചിപ്പ് നിര്‍മ്മാണ രംഗത്തെ തലതൊട്ടപ്പന്മാരായ ഇന്റല്‍ തന്നെയാണ് ബയോസിന്റെ പരിഷ്‌കരണം എന്ന പേരില്‍ യു. ഇ. എഫ്. ഐ. അവതരിപ്പിച്ചത് തുടര്‍ന്ന് 2005 ജൂലായ് 25 മുതല്‍ യു. ഇ. എഫ്. ഐ. ഫോറം അതിന്റെ വികസനം ഏറ്റെടുത്തു.
ബയോസിനെ അപേക്ഷിച്ച് കാതലായ മാറ്റങ്ങള്‍ യു. ഇ. എഫ്. ഐക്കുണ്ട്. എടുത്തു പറയേണ്ടത് വേഗത്തിന്റെ കാര്യം തന്നെ. കമ്പ്യൂട്ടറുകള്‍ ബൂട്ടു ചെയ്യാന്‍ നിലവില്‍ 20 മുതല്‍ 30 സെക്കന്റു വരെ എടുക്കുമ്പോള്‍ യു. ഇ. എഫ്. ഐ. സാങ്കേതത്തില്‍ നാലോ അഞ്ചോ സെക്കന്റുകളേ ബൂട്ടു ചെയ്യാന്‍ വേണ്ടൂ. മറ്റൊരു പ്രത്യേകത, ബയോസിന്റെ കാര്യത്തിലെന്ന പോലെ ഒരു പ്രത്യേക അനുബന്ധ ഉപകരണം ഒരു പ്രത്യേക സ്ഥാനത്തു മാത്രമേ ഘടിപ്പിക്കാനാകൂ എന്ന് നിര്‍ബന്ധമില്ല എന്നതാണ്. അതായത് ഏതു പോര്‍ട്ടല്‍ ഘടിപ്പിച്ചാലും കീബോര്‍ഡ് കീബോര്‍ഡാണെന്നും മൗസ് മൗസാണെന്നും തിരിച്ചറിയാനാകും എന്നു സാരം.
ബയോസ് പ്രൊഗ്രാം എഴുതിയിരിക്കുന്നത് അസംബ്ലി ലാംഗ്വേജില്‍ ആണ്, യു. ഇ. അഫ്. ഐ. ആകട്ടെ താരതമ്യേന എളുപ്പമായ 'സി' ലാംഗ്വേജിലും. ഇത് തുടര്‍ വികസനം എളുപ്പമാക്കുന്നു. പക്ഷേ സുരക്ഷാ പ്രശ്‌നങ്ങള്‍ അവഗണിക്കാനാവുന്നതല്ല. ഇന്റല്‍ ഃ86 പ്രൊസസറുകള്‍ക്കനുസരിച്ചാണ് ബയോസ് പ്രവര്‍ത്തിക്കുന്നതാണെങ്കില്‍, യു ഇ എഫ് ഐ ഒരു പ്രത്യേക പോസസര്‍ കുടുംബത്തില്‍ അധിഷ്ഠിതമല്ല. നിലവിലുള്ള ഉന്നത സാങ്കേതിക വിദ്യകളുമായി താദാത്മ്യം പ്രാപിക്കുന്നതിനു ബയോസിനു ഏറെ പരിമിതികളുണ്ട്. എന്നാല്‍, പുതിയ സങ്കേതത്തിന് അത്തരത്തിലൊരു പ്രശ്‌നവുമില്ല.
യു. ഇ. എഫ്. ഐ. ഇപ്പോഴും കുറ്റമറ്റ രൂപത്തില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. കൂടുതല്‍ മെമ്മറിയുടെ ആവശ്യകത, നിലവില്‍ ബയോസില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മറ്റു അനുബന്ധ ഘടകങ്ങളുടെ സോഫ്ട്‌വേറുകള്‍ മാറ്റിയെഴുതല്‍, 'സി' ഭാഷ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന സുരക്ഷാപഴുതുകള്‍ അടക്കല്‍ തുടങ്ങിയവ വെല്ലുവിളികള്‍ ആണ്. എങ്കിലും പുതിയ സങ്കേതത്തില്‍ അധിഷ്ഠിതമായ കമ്പ്യൂട്ടറുകള്‍ അടുത്ത വര്‍ഷത്തോടെ വിപണിയില്‍ ലഭ്യമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുക്കത്തില്‍ പറഞ്ഞാല്‍, കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുന്നതിനിടക്ക് ഒരു ചായ കുടിച്ചിട്ടു വരാം എന്നത് ഇനിയൊരു പഴങ്കഥ ആയേക്കാം.
-സുജിത് കുമാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment