Wednesday 27 April 2011

വിന്‍ഡോസിനോട് മത്സരിക്കാന്‍ ഉബുണ്ടുവിന്റെ പുതിയ പതിപ്പ്





ലോകത്ത് 12 മില്യണിലേറെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന സ്വതന്ത്ര ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് എത്തുന്നു. 'നാറ്റി നര്‍വാല്‍' എന്ന് പേര് നല്‍കിയിട്ടുള്ള ഉബുണ്ടു 11.04 പതിപ്പ് ഏപ്രില്‍ 28 നാണ് ഔദ്യോഗികമായി പുറത്തിറങ്ങുക. പുതിയ പതിപ്പിന്റെ ആല്‍ഫ, ബാറ്റ വകഭേദങ്ങള്‍ ഇതിനകം ലഭ്യമായിരുന്നു.

ഉബുണ്ടുവിന്റെ 14-ാമത്തെ പതിപ്പാണിത്. വിന്‍ഡോസ് ഒ.എസിന്റെ സമഗ്രാധിപത്യത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഉബുണ്ടുവിന് ഇതുവരെ കഴിഞ്ഞിരുന്നില്ലെങ്കിലും, പുതിയ പതിപ്പോടെ ശക്തമായ ഒരു മത്സരത്തിന് ഉബുണ്ടു തയ്യാറെടുക്കുകയാണ്. അതിനുള്ള ഒരുക്കങ്ങളോടെയാണ് പുതിയ ഉബുണ്ടു പതിപ്പ് രംഗത്തെത്തുന്നത്. ഉബുണ്ടു 11.04 ന്റെ ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ സൈറ്റ് സന്ദര്‍ശിക്കുക.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെപ്പോലെ ലളിതവും ഉപയോഗിക്കാന്‍ എളുപ്പവുമായ ഉബുണ്ടുവിനെ 'ലിനക്‌സിന്റെ വിന്‍ഡോസ് പതിപ്പ്' എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. ഉബുണ്ടു ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക മാത്രമല്ല, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി ഉബുണ്ടു ഒ.എസ് സിഡി രൂപത്തില്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ബ്രോഡ്ബാന്‍ഡ് സൗകര്യം കുറവായതിനാലാണ് സിഡി സൗജന്യമായി മുമ്പ് അയച്ചുകൊടുത്തിരുന്നതെന്നും, ഇപ്പോള്‍ വേഗമേറിയ ഇന്റര്‍നെറ്റ് സേവനം മിക്കയിടത്തും ലഭ്യമായതിനാല്‍ ഇനി മുതല്‍ സൗജന്യ സിഡിയുടെ ആവശ്യമില്ല എന്നും ഉബുണ്ടു നിര്‍മാതാക്കള്‍ അറിയിക്കുന്നു. എന്നുവെച്ചാല്‍, ഉബുണ്ടുവിന്റെ പുതിയ പതിപ്പിന്റെ സിഡി തപാല്‍ വഴി എത്തില്ല എന്ന് സാരം.

ഇതുവരെ ലഭ്യമായിരുന്നത് ഉബുണ്ടു 10.10 പതിപ്പാണ്. ഡസ്‌ക്‌ടോപ്പുകള്‍ക്കും ലാപ്‌ടോപ്പ്, സെര്‍വര്‍ എന്നിവകള്‍ക്കും പ്രത്യേക ഒഎസുകള്‍ ലഭ്യമാണ്. പൂര്‍ണമായും വിമുക്തമല്ലെങ്കിലും പൊതുവേ വൈറസ് ആക്രമണം ഉബുണ്ടുവില്‍ കുറവാണ്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള 'Edubuntu', ഗ്രാഫിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള 'Kubuntu', ഹോം തിയേറ്റര്‍ പിസികള്‍ക്കായുള്ള 'Mythbuntu', പ്രൊഫഷണല്‍ വീഡിയോ ഓഡിയോ എഡിറ്റിങ്ങിനായുള്ള 'Ubuntu Studio', കുറഞ്ഞ വേഗതയുള്ള കമ്പ്യൂട്ടറുകള്‍ക്കായുള്ള 'Xubuntu' എന്നീ വ്യത്യസ്ത ഉബുണ്ടു വകഭേദങ്ങളും ലഭ്യമാണ്.


വിന്‍ഡോസ് Vs ഉബുണ്ടു

1. വിന്‍ഡോസ് ഒഎസില്‍ ലഭിക്കുന്ന ഏതാണ്ടെല്ലാ സൗകര്യങ്ങളും സാധ്യമാക്കുന്നതിന് പുറമേ ഉബുണ്ടുവിന് അതിന്റേതായ ചില മേന്‍മകളുമുണ്ട്. വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സോഫ്ട്‌വേറുകള്‍ക്കും പകരമായി അതേ ഗുണങ്ങളോടുകൂടി ഉബുണ്ടുവില്‍ ഉപയോഗിക്കാവുന്ന സോഫ്ട്‌വേറുകള്‍ ലഭ്യമാണ്. അവയില്‍ മിക്കവയും സൗജന്യമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. എം.എസ്. ഓഫീസിന് പകരം ലിബ്രെ ഓഫീസ് (LibreOffice) ഉദാഹരണം.

2. പുതിയ ഉപകരണങ്ങള്‍ (ഉദാ: മോഡം, ക്യാമറ, ഫോണ്‍ തുടങ്ങിയവ) കമ്പ്യൂട്ടറുമായി ഘടിപ്പിക്കുമ്പോള്‍ ഡ്രൈവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യം ഉബുണ്ടുവിനില്ല. വ്യത്യസ്ത ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയറുകള്‍, സൗജന്യ ഓഫീസ് പാക്കേജ്, ബ്രൗസറുകള്‍, വെബ്കാം സോഫ്ട്‌വേറുകള്‍ തുടങ്ങി ഒട്ടേറെ ആപ്ലിക്കേഷനുകള്‍ അടങ്ങിയതാണ് ഉബുണ്ടു ഒഎസ്.

3. വിന്‍ഡോസ് ആപ്ലിക്കേഷനുകള്‍ 'വൈന്‍' എന്ന സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാം.

4. ഉയര്‍ന്ന കോണ്‍ഫിഗറേഷനുകളുള്ള കമ്പ്യൂട്ടറുകള്‍ അല്ലെങ്കിലും പഴയ കമ്പ്യൂട്ടറുകളും വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതും ഉബുണ്ടുവിന്റെ മേന്മയാണ്.

അല്‍പ്പം ചരിത്രം

2004 ഒക്ടോബര്‍ 20-നാണ് ഉബുണ്ടുവിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. അന്നുമുതല്‍ കൃത്യമായി ആറുമാസ ഇടവേളകളില്‍ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. ഇത്രയും കൃത്യമായും വേഗത്തിലും പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്ന മറ്റൊരു ഒഎസും ഇല്ല.

ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം വിഭാഗത്തിലുള്‍പ്പെടുന്ന ഉബുണ്ടുവിന്റെ നിയന്ത്രണം, സൗത്ത് ആഫ്രിക്കക്കാരനായ മാര്‍ക് ഷട്ടില്‍വര്‍ത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ കനോനിക്കല്‍ ലിമിറ്റഡിനാണ്. ഉബുണ്ടുവിന്റെ വികാസത്തിനായി ഉബുണ്ടു ഫൗണ്ടേഷനും രൂപംനല്‍കിയിട്ടുണ്ട്. ഈ ഫൗണ്ടേഷനാണ് ഇപ്പോള്‍ പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നത്.

പഴയ Linux kernel 2.6.34 ല്‍ നിന്നും മാറി Linux kernel 2.6.38 അടിസ്ഥാനമാക്കിയാണ് ഉബുണ്ടുവിന്റെ പുതിയ നാറ്റി നര്‍വാല്‍ പതിപ്പ് നിര്‍മിച്ചിരിക്കുന്നത്. കൂടിയി വേഗം, ത്രീഡി ഡിസ്‌പ്ലേ സാധ്യത, ചിത്രങ്ങളുടെയും വീഡിയോകളുടെയും ഉയര്‍ന്ന വ്യക്തത തുടങ്ങി പഴയ പതിപ്പില്‍ നിന്ന് വളരെയേറെ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. ലാപ്‌ടോപ്പുകള്‍ക്കും നെറ്റ്ബുക്കുകള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ പതിപ്പിന്റെ രൂപകല്‍പ്പന.

1. യൂണിറ്റി ഡെസ്‌ക്‌ടോപ്പ്

ഉബുണ്ടു പുതിയ പതിപ്പിന്റെ മുഖ്യ സവിശേഷത യൂണിറ്റി ഡെസ്്ക്‌ടോപ്പാണ്. ടാബ്‌ലറ്റുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും ഡസ്‌കടോപ്പുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാണുവാനും ഉപയോഗിക്കുവാനും എളുപ്പമുള്ള രീതിയിലാണ് യൂണിറ്റി ഡെസ്‌ക്‌ടോപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. പുതിയരീതിയിലുള്ള ആപ്ലിക്കേഷന്‍ മെനു, സ്്‌ക്രോള്‍ ബാര്‍ എന്നിവയും യൂണിറ്റിയുടെ സവിശേഷതയാണ്.

ഓപ്പണ്‍ ഒഎസ് സോഫ്ട്‌വേറുകളുടെ പ്രാധാന ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസായി ഉപയോഗിക്കുന്ന GNOME ന്റെ ഏറ്റവും പുതിയ പതിപ്പായ GNOME 3.0 ആണ് ഉബുണ്ടുവിന്റെ ഡസ്‌ക്‌ടോപ്പ് ഇത്രയും മികച്ചതാക്കുന്നത്. ഇനി പഴയ 'ക്ലാസിക്' ഡസ്‌കടോപ്പ് തന്നെ വേണമെന്നുള്ളവര്‍ക്ക് അതിലേക്ക് മാറാനുള്ള സൗകര്യവും ഉണ്ട്.

2. ലിബ്രെ ഓഫീസ്

നേരത്തെയുണ്ടായിരുന്നു ഓഫീസ് പാക്കേജായ ഓപ്പണ്‍ ഓഫീസില്‍ നിന്നും മറ്റൊരു ഓപ്പണ്‍ ഓഫീസ് പാക്കേജായ ലിബ്രെ ഓഫീസിലേക്കുള്ള മാറ്റമാണ് ഉബുണ്ടുവിന്റെ പുതിയ പതിപ്പിലെ മറ്റൊരു പ്രധാന സവിശേഷത. മൈക്രോസോഫ്ട് ഓഫീസിനെപ്പോലെത്തന്നെ വേര്‍ഡ് പ്രൊസസ്സര്‍, വര്‍ക്ക് ഷീറ്റ് ആപ്ലിക്കേഷന്‍, പ്രസന്റേഷന്‍ ആപ്ലിക്കേഷന്‍, ഡാറ്റാബേസ് ആപ്ലിക്കേഷന്‍ എന്നിവയെല്ലാം അടങ്ങിയതാണ് ലിബ്രെ ഓഫീസ്. എം.എസ്. ഓഫീസ് ഫയലുകള്‍ തുറന്നുപയോഗിക്കാമെന്ന സവിശേഷത കൂടി ലിബ്രെ ഓഫീസിനുണ്ട്.

3. ഫയര്‍ഫോക്‌സ് 4
ബ്രൗസിങ്ങിനായി മോസില്ല ഫയര്‍ഫോക്‌സ് 4 ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഉബുണ്ടുവിന്റെ ഡീഫാള്‍ട്ട് ബ്രൗസറായി ഉപയോഗിച്ചിരിക്കുന്നതും ഫയര്‍ഫോക്‌സ് തന്നെ. എന്നാല്‍ മറ്റ് ബ്രൗസറുകളും ഉപയോഗിക്കുന്നതിന് തടസ്സമില്ല.


4. ബാന്‍ഷീ മ്യൂസിക് പ്ലെയര്‍

ഇതുവരെയുള്ള പതിപ്പുകളില്‍ ഉപയോഗിച്ചിരുന്ന ഡീഫാള്‍ട്ട് മ്യൂസിക് പ്ലെയറായിരുന്ന Rhythmbox ന് പകരം, ബാന്‍ഷീ മ്യൂസിക് പ്ലെയറാണ് ഉബുണ്ടുവിന്റെ പുതിയ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. ബുക്ക്മാര്‍ക്ക്, ആമസോണ്‍ എംപിത്രീ സ്റ്റോര്‍ സപ്പോര്‍ട്ട്, വീഡിയോ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ അടങ്ങിയതാണ് പുതിയ മ്യൂസിക് പ്ലെയര്‍.

5. ക്ലൗഡ് സൗകര്യം

ഡ്രോപ്‌ബോക്‌സ് ആപ്ലിക്കേഷന്‍ രീതിയില്‍ ഫയലുകള്‍ ക്ലൗഡ് രീതിയില്‍ സൂക്ഷിക്കാനുള്ള സൗകര്യവും പുതിയ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

6. സോഫ്ട്‌വേര്‍ സ്റ്റോര്‍

ആപ്പിളിന്റെയും ആന്‍ഡ്രോയിഡിന്റെയും ആപ്ലിക്കേഷന്‍ സ്റ്റോറുകളെപ്പോലെ സോഫ്ട്‌വേര്‍ സെന്ററും ഉബുണ്ടുവില്‍ ലഭ്യമാണ്. പുതിയ പതിപ്പോടെ ഇതിനെയും കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. അതില്‍ പണം കൊടുത്തു വാങ്ങാവുന്ന വിഭാഗത്തിലുള്ള സോഫ്ട്‌വേറുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇവ കൂടാതെ ആദ്യമായി കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകളും പുതിയ രീതിയിലുള്ള സെര്‍ച്ചും പുതിയ ഉബുണ്ടു പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഉബുണ്ടു 10 ഉപയോഗിക്കുന്നവര്‍ക്ക് പുതിയ പതിപ്പ് പ്രത്യേകമായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. ഇവര്‍ക്ക് പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.



 (Source)

No comments:

Post a Comment

Copyright 2010 @ Keve Tech News