പ്രമുഖ കമ്പ്യൂട്ടര്‍ സുരക്ഷ സ്ഥാപനം അവാസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സോഫ്റ്റ് വെയറായ സിക്ലീനറില്‍ കടന്നുകൂടിയ മാല്‍വെയര്‍ 20 ലക്ഷം കമ്പ്യൂട്ടറുകളിലെത്തിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ പുറത്തുവിട്ട സിക്ലീനറിന്റെ പുതിയ അപ്‌ഡേറ്റ് സോഫ്റ്റ് വെയറിലാണ് മാല്‍വെയര്‍ കടന്നുകൂടിയത്. അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്ത എല്ലാ കമ്പ്യൂട്ടറുകളെയും മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടാവും.
കമ്പ്യൂട്ടറിന്റെ പേര്, ഐപി അഡ്രസ്, ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്‌വെയര്‍, ആക്റ്റീവ് സോഫ്റ്റ്‌വെയറുകള്‍, തുടങ്ങി സാങ്കേതികമായ വിവരങ്ങളാണ് മാല്‍വെയര്‍ അമേരിക്കയിലെ സെര്‍വറുകളിലേക്ക് ചോര്‍ത്തുന്നത്. മറ്റ് വിവരങ്ങളൊന്നും ചോര്‍ത്തപ്പെടുന്നില്ലെന്നാണ് സി ക്ലീനര്‍ ഡെവലപ്പര്‍മാരായ പിരിഫോം പറയുന്നത്.
സിസ്‌കോ ടാലോസ് ഇന്റലിജന്‍സ് റിസര്‍ച്ച് ടീം ആണ് ഈ സുരക്ഷാവീഴ്ച കണ്ടെത്തിയത്. സെപ്റ്റംബര്‍ 13ന് പിരിഫോമിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അതേസമയം മാല്‍വെയര്‍ എങ്ങനെ സോഫ്റ്റ് വെയറില്‍ കടന്നുകൂടിയെന്നും ആരാണ് അതിന് പിന്നിലെന്നും പിരിഫോം ഇതുവരെ വെളിപ്പെടുത്തിയില്ല.
ട്രസ്റ്റഡ് സോഫ്റ്റ് വെയറുകളുടെ ഡൗണ്‍ലോഡുകളില്‍ കടന്നുകൂടി ഉപകരണങ്ങളെ ആക്രമിക്കുന്ന രീതി ഇപ്പോള്‍ സാധാരണമാണ്. സപ്ലൈ ചെയ്ന്‍ അറ്റാക്ക് എന്നാണ് ഈ രീതിയെ വിളിക്കുന്നത്. സോഫ്റ്റ് വെയറുകളിലുള്ള ഉപയോക്താക്കളുടെ വിശ്വാസ്യതയെയാണ് സൈബര്‍ അക്രമികള്‍ ചൂഷണം ചെയ്യുന്നത്.
(MB4tech)
No comments:
Post a Comment