Saturday 18 April 2015

ആന്‍ഡ്രോയിഡില്‍ ഇനിമുതല്‍ കൈകൊണ്ട് മലയാളമെഴുതാം


സ്മാര്‍ട് ഫോണുകളിലും ടാബ് ലറ്റുകളിലും കൈകൊണ്ട് എഴുതിയെടുക്കന്ന സാങ്കേതിക വിദ്യ നേരത്തെ നിലവിലുണ്ടായിരുന്നെങ്കിലും പല പ്രാദേശിക ഭാഷകളും എഴുതാന്‍ ഇതുവഴി സാധിച്ചിരുന്നില്ല. ഇതിന് പരിഹാരവുമായി 'ഹാന്‍ഡ് റൈറ്റിങ് ഇന്‍പുട്ട്' എന്ന ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ പുതിയ ആപ്പ് ഉപയോഗിച്ച് മലയാളമടക്കം 82 ഭാഷകളില്‍ കൈകൊണ്ട് എഴുതാനുള്ള സൗകര്യം ലഭ്യമാകുകയാണ്. കൈകൊണ്ട് മാത്രമല്ല മൊബൈല്‍ ഫോണുകളിലും ടാബ് ലറ്റ് ഫോണുകളിലും എഴുതാന്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസ് ഉപയോഗിച്ചും സൗകര്യപ്രദമായി എഴുതാന്‍ സാധിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു. 

ആന്‍ഡ്രോയിഡിന്റെ 4.0.3 വേര്‍ഷന്‍ മുതലുള്ള ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കും. ഇതോടെ കീ ബോര്‍ഡ് ഉപയോഗിച്ച് ടൈപ്പിങ് അസാധ്യമായ മൊബൈല്‍ ഫോണുകളില്‍ പുതിയ സംവിധാനം ഏറെ ഗുണകരമാകും. കൂടാതെ ചെറിയ സ്‌ക്രീനുകളില്‍ ടൈപ്പ് ചെയ്യുന്നതിന്റെ അസൗകര്യവും ഇതോടെ ഇല്ലാതാകും. ഏപ്രില്‍ 15ന് പുറത്തിറക്കിയ ആപ്പ് ആയിരക്കണക്കിന് ആളുകള്‍ ഇതിനകം തന്നെ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ആപ്പില്‍ വോയ്‌സ് ഇന്‍പുട്ടും ഉണ്ടെങ്കിലും ശരിയായ രീതിയിലുള്ള ഉച്ചാരണം സാധ്യമായില്ലെങ്കില്‍ അക്ഷരങ്ങള്‍ മാറിപ്പോകാന്‍ സാധ്യതയുണ്ട്. എന്തായാലും ആഡ്രോയ്ഡ് ഉപയോക്താക്കളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നത്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് ഗ്രൂപ്പിന്റെ 'ഇന്‍ഡിക് കീബോര്‍ഡ്' പോലുള്ള ആപ്ലിക്കേഷനുകളായിരുന്നു ഇത്രകാലവും ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഉപകരണങ്ങളില്‍ മലയാളം എഴുതാനുള്ള ഉപാധി. 


എന്നാല്‍ ചെറിയ സ്‌ക്രീനില്‍ കീബോര്‍ഡുകളില്‍ ടൈപ്പ് ചെയ്യല്‍ അല്‍പ്പം ശ്രമകരമാണ്. അത്തരം ബുദ്ധിമുട്ടുകളൊന്നും കൂടാതെ മൊബൈലുകളിലും ടാബിലും മലയാളം എഴുതാന്‍ ഗൂഗിളിന്റെ പുതിയ ആപ്പ് അവസരമൊരുക്കുന്നു.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇത് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. 

No comments:

Post a Comment

Copyright 2010 @ Keve Tech News