Wednesday 13 January 2016

കമ്പ്യൂട്ടറില്‍ ആന്‍ഡ്രോയ്ഡ് അനുഭൂതിയുമായി റീമിക്‌സ് ഒഎസ്


പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കുന്നതും വിന്‍ഡോസ് സമാന അനുഭവം നല്‍കുന്നതുമായ ആന്‍ഡ്രോയ്ഡ് പതിപ്പ് 'റീമിക്‌സ് ഒഎസ് ഫോര്‍ പിസി.' പുറത്തിറങ്ങി. ജൈഡ് ടെക്‌നോളജി അവതരിപ്പിക്കുന്ന ഇത് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ ആന്‍ഡ്രോയ്ഡ് പ്രവര്‍ത്തിപ്പിക്കാനുള്ള എമുലേറ്ററുകളും മറ്റും ആദ്യമേയുണ്ട്. Android-x86 പ്രോജക്ടാകട്ടെ, പിസികള്‍ക്ക് യോജിച്ച ആന്‍ഡ്രോയ്ഡ് വകഭേദം അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ ദിശയില്‍ അല്‍പ്പം കൂടി മുന്നോട്ടുപോവുകയാണ് ജൈഡ് ടെക്‌നോളജി. ആകര്‍ഷകമായ യൂസര്‍ ഇന്റര്‍ഫേസാണ് ഇവര്‍ അവകാശപ്പെടുന്നത്.
ആദ്യകാല ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ARM പ്രൊസസര്‍ ആര്‍കിടെക്ചറിനെ മാത്രമേ പിന്തുണച്ചിരുന്നൊള്ളൂ. ഈയൊരു സാഹചര്യത്തില്‍ പിസികളില്‍ ഉപയോഗിക്കുന്ന x86 ആര്‍കിടെക്ചര്‍ ലക്ഷ്യമാക്കി ആന്‍ഡ്രോയ്ഡ് പരിഷ്‌ക്കരിക്കുകയാണ് Android-x86 പ്രൊജക്ട് ചെയ്തത്. അതോടെ പിസിയില്‍ ആന്‍ഡ്രോയ്ഡ് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാമെന്നായി.

എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകളെ ഉദ്ദേശിച്ചുള്ള ആന്‍ഡ്രോയ്ഡിന്റെ ഇന്റര്‍ഫേസ് ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്ക് അസൗകര്യമായി തോന്നാം. ഇവിടെയാണ് റീമിക്‌സിന്റെ പ്രാധാന്യം. Android-x86 പ്രൊജക്റ്റിന്റെ ഉല്‍പ്പന്നങ്ങളില്‍നിന്ന് വികസിപ്പിച്ചെടുത്ത 'റീമിക്‌സ് ഒഎസ് ഫോര്‍ പിസി'ക്ക് ജൈഡ് കമ്പനി കമ്പ്യൂട്ടറുകള്‍ക്ക് യോജിച്ച ഇന്റര്‍ഫേസ് നല്‍കിയിരിക്കുന്നു.

കുറഞ്ഞത് 8GB സംഭരണശേഷിയെങ്കിലുമുള്ള യുഎസ്ബി ഫ് ളാഷ് ഡ്രൈവില്‍ റീമിക്‌സ് ഒഎസ് കൊണ്ടുനടക്കാം. യുഎസ്ബി ലെഗസി ബൂട്ട് പിന്തുണയുള്ള എല്ലാ കമ്പ്യൂട്ടറുകളിലും ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം.

ആന്‍ഡ്രോയ്ഡ് അധിഷ്ഠിത പേഴ്‌സണല്‍ കമ്പ്യൂട്ടറായ 'മിനി' പുറത്തിറക്കിയതും ഇതേ കമ്പനിയാണ്. പ്രത്യേകമായി തയ്യാര്‍ ചെയ്ത ഹാര്‍ഡ്‌വേറായിരുന്നു ഇതിന്റേത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് യോജിച്ച രീതിയിള്‍ പരിഷ്‌കരിച്ച റീമിക്‌സ് ഒഎസ് ഇതിന് കരുത്തേകി. ഇതേ റീമിക്‌സ് ഒഎസ് ആണ് ഇപ്പോള്‍ ഹാര്‍ഡ്‌വേര്‍ പിന്തുണ വര്‍ധിപ്പിച്ച് സാധാരണ കമ്പ്യൂട്ടറിലും പ്രവര്‍ത്തിക്കുന്ന 'റീമിക്‌സ് ഒഎസ് ഫോര്‍ പിസി' ആയി പുറത്തെത്തുന്നത്.
 ReMiX Os Download for PC

(ഇ. നന്ദകുമാര്‍, MB4Tech)

No comments:

Post a Comment

Copyright 2010 @ Keve Tech News