Tuesday 11 January 2011

ടാബ്‌ലറ്റ് യുദ്ധം മുറുകുമ്പോള്‍

അമേരിക്കയില്‍ ലാസ് വേഗാസില്‍ സമാപിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2011 (CES 2011) ഭാവിയില്‍ ഓര്‍മിക്കപ്പെടുക ഒരു 'ടാബ്‌ലറ്റ് ഷോ' എന്ന നിലയ്ക്കായിരിക്കും. ഭാവിയെ രൂപപ്പെടുത്താന്‍ ശേഷിയുള്ള ഒട്ടേറെ ഉപകരണങ്ങളും സങ്കേതങ്ങളും ലാസ് വേഗാസിലെ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും, അവയില്‍ ഏറ്റവും ശ്രദ്ധേയം ടാബ്‌ലറ്റുകളുടെ വന്‍നിര തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം ഐപാഡിലൂടെ ആപ്പിള്‍ തുടങ്ങിവെച്ച ടാബ്‌ലറ്റ് വിപ്ലവം, ഏത് ദിശയിലേക്കാണ് കമ്പ്യൂട്ടിങ് രംഗത്തെ നയിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചന നല്‍കി ഈ പ്രദര്‍ശനം. വിവിധ കമ്പനികളുടെ നൂറിലേറെ ടാബ്‌ലറ്റുകളാണ് അവതരിപ്പിക്കപ്പെട്ടത്. ശരിക്കുമൊരു ടാബ്‌ലറ്റ് പ്രളയം. മൗസും കീബോര്‍ഡും മോഡവുമൊക്കെ ഒറ്റയടിക്ക് കമ്പ്യൂട്ടര്‍ അനുഭവത്തിന്റെ തലത്തില്‍ നിന്ന് തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു. പൊടുന്നനെ ലോകം 'ഫ് ളാറ്റാ'യതു പോലെ!

ടാബ്‌ലറ്റ് രംഗം കൈയടക്കാന്‍ ആപ്പിളും ഗൂഗിളും നടത്തുന്ന ബലാബലത്തിന്റെ സ്വഭാവം വ്യക്തമാക്കിത്തരാനും ഈ പ്രദര്‍ശനം സഹായിച്ചതായി നിരീക്ഷകര്‍ പറയുന്നു. ഇതിനം 75 ലക്ഷം ഐപാഡുകള്‍ വിറ്റ ആപ്പിളാണ് ടാബ്‌ലറ്റ് രംഗം കൈയടക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് എന്ന മൊബൈല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ടാബ്‌ലറ്റ് രംഗത്ത് ആധിപത്യം സ്ഥാപിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്. ടാബ്‌ലറ്റുകള്‍ക്കായി ഗൂഗിള്‍ അവതരിപ്പിച്ച ആന്‍ഡ്രോയിഡ് 3.0 പതിപ്പ് ഇതിനകം സാങ്കേതികരംഗത്തുള്ളവരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ച ഇന്ത്യയില്‍ നിന്നുള്ള 'ആദം' ടാബ്‌ലറ്റ് ഉള്‍പ്പടെ ഭൂരിപക്ഷം ടാബ്‌ലറ്റുകളും ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകളും അവതരിപ്പിക്കപ്പെട്ടു. ബ്ലാക്ക്‌ബെറി നിര്‍മാതാക്കളായ റിം കമ്പനിയുടെ പ്ലേബുക്ക് ആണ് ഇലക്ട്രോണിക് ഷോയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ടാബ്‌ലറ്റുകളിലൊന്ന്.

സി.ഇ.എസ് 2011 ല്‍ അവതരിപ്പിക്കപ്പെട്ട ചില ടാബ്‌ലറ്റുകളെ പരിചയപ്പെടാം-


മോട്ടറോള ക്‌സൂം (XOOM)

നൂറിലേറെ ടാബ്‌ലറ്റുകള്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും അവയില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായി മോട്ടറോളയുടെ ക്‌സൂം മാറി. ആന്‍ഡ്രോയിഡ് 3.0 (ഹണികോമ്പ്) പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തെ ശരിക്കുമൊരു 'ഐപാഡ് കില്ലര്‍' എന്ന് വിശേഷിപ്പിക്കാന്‍ പല ടാബ്‌ലറ്റ് വിദഗ്ധന്‍മാരും മടിച്ചില്ല. ഡ്യുവല്‍കോര്‍ പ്രൊസസറും കൂടിയാകുമ്പോള്‍ കരുത്തുറ്റ ടാബ്‌ലറ്റായി ക്‌സൂം മാറുമെന്നുറപ്പ്. ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടത് ക്‌സൂമിന്റെ പ്രാഥമികരൂപമാണ്. 3ജി, 4ജി, വൈഫൈ കണക്ടിവിറ്റി സാധ്യമാകുന്ന ഈ ടാബ്‌ലറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് കരുതുന്നത്.

മോട്ടറോളയുടെ ആദ്യ ടാബ്‌ലറ്റാണ് ക്‌സൂം. ഇതിന്റെ 10.1 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനില്‍ ഹൈഡെഫിനിഷന്‍ (എച്ച് ഡി) വീഡിയോ പ്രവര്‍ത്തിക്കും. 1280 ഗുണം 800 റിസല്യൂഷനാണ് സ്‌ക്രീനിനുള്ളത്. ആക്‌സലറോമീറ്റര്‍, ഗൈറോസ്‌കോപ്പ് തുടങ്ങിയ സംവിധാനങ്ങളുള്ള ഈ ടാബ്‌ലറ്റ് അഡോബി ഫ് ളാഷ് പ്രോഗ്രാമിനെ പിന്തുണയ്ക്കും. വീഡിയോ വിളികള്‍ക്കായി മുമ്പിലും പിന്നിലും ക്യാമറകളുമുണ്ട്. പിന്നിലുള്ളത് 5 മെഗാപിക്‌സല്‍ ക്യാമറയാണ്. അതുപയോഗിച്ച് 720പി വീഡിയോ റിക്കോര്‍ഡിങ് സാധ്യമാകും. 32 ജിബി ഓണ്‍ബോര്‍ഡ് മെമ്മറിയുള്ള ക്‌സൂമില്‍ എസ്.ഡി.കാര്‍ഡ് ഉപയോഗിക്കാനും കഴിയും. ഐപാഡുമായി മത്സരിക്കാന്‍ ക്‌സൂമിന് കരുത്ത് നല്‍കുന്നത് അതിലെ ആന്‍ഡ്രോയിഡ് 3.0 പ്ലാറ്റ്‌ഫോം തന്നെയാണെന്ന് 'ലാബ് റിവ്യൂസി'ന്റെ എഡിറ്റര്‍ ജോനാതന്‍ റൗബിനി അഭിപ്രായപ്പെടുന്നു.


ലെനോവൊ ലിപാഡ് (LePad)

ഏതാണ്ട് ഒരു കിലോഗ്രാം ഭാരം വരുന്ന ആന്‍ഡ്രോയിഡ് ടാബ്‌ലറ്റാണ് ഇലക്ട്രോണിക്‌സ് ഷോയില്‍ ലെനോവൊ അവതരിപ്പിച്ച ലിപാഡ്. സി.ഇ.എസ് 2010 ല്‍ കമ്പനി പരിചയപ്പെടുത്തിയ 'ലെനോബൊ യു1' ആണ് ഇപ്പോള്‍ പരിഷ്‌ക്കരിച്ച് ലിപാഡ് ആയി അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 2.2 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിലേത് 1.2 GHz ക്വാല്‍കൊം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ആണ്. 10.1 ഇഞ്ച് വലിപ്പമുള്ള (800 ഗുണം 1280) കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ലീപാഡിനുള്ളത്.

ലിപാഡിന്റെ 16 ജിബി, 32 ജിബി മോഡലുകളാണ് വിപണിയിലെത്തുക. വീഡിയോ വിളികള്‍ക്കായി മുന്‍വശത്ത് 2 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. 3ജി, വൈഫൈ എന്നീ സങ്കേതങ്ങളാണ് കണക്ടിവിറ്റിക്കുള്ളത്. ഈ വര്‍ഷം വില്‍പ്പനെയ്‌ക്കെത്തുമെന്ന് കരുതുന്ന ഈ ടാബ്‌ലറ്റിന് 520 ഡോളര്‍ വില വരുമെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍, അതിന്റെ മുഖ്യപ്രതിയോഗിയായ ഐപാഡിന്റെ വില തന്നെയാകും ലിപാഡിനും.


ലെനോവൊ ഐഡിയപാഡ് (IdeaPad)

വിന്‍ഡോസ് 7 ഹോം പ്രീമിയം പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയപാഡാണ് ലെനോവൊ കമ്പനി ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ച ഒരുത്പന്നം. 10.1 ഇഞ്ച് വലിപ്പമുള്ള ഈ ടാബ്‌ലറ്റിലേത് ഇന്റല്‍ ഓക് ട്രയല്‍ ആറ്റം പ്രൊസസറാണ്. ആന്‍ഡ്രോയിഡ് ടാബ്‌ലറ്റായ ലിപാഡിന്റെ അതേ സാങ്കേതികത്തികവ് തന്നെയാണ് ഐഡിയാപാഡിനുമുള്ളത്. എന്നാല്‍, 1280 ഗുണം 800 റസല്യൂഷനോടു കൂടിയ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഐഡിയപാഡിലേത്. ആക്ടീവ് ഡിജിറ്റലൈസര്‍ സങ്കേതമുള്ളതിനാല്‍ സ്റ്റൈലസ് ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാം. ഐഡിയപാഡ് എന്ന് വിപണിയിലെത്തുമെന്നോ വിലയെന്തായിരിക്കുമെന്നോ കമ്പനി ഒരു സൂചനയും നല്‍കിയിട്ടില്ല.


അസ്യൂസ് ഈ പാഡ് (Eee Pad)

ഈ പാഡിന്റെ മൂന്ന് വ്യത്യസ്ത മോഡലുകളാണ് അസ്യൂസ് ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചത്. മൂന്ന് മോഡലുകളും ആന്‍ഡ്രോയിഡ് 3.0 പതിപ്പില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഏഴിഞ്ച് വലിപ്പമുള്ള ഈ പാഡ് മിമോ (Eee Pad MeMo), പത്തിഞ്ച് വലിപ്പമുള്ള ഈ പാഡ് ട്രാന്‍സ്‌ഫോര്‍മര്‍ (Eee Pad Transformer), പത്തിഞ്ച് തന്നെ വലിപ്പമുള്ള ഈ പാഡ് സ്ലൈഡര്‍ (Eee Pad Slider) എന്നിവയാണ് ആ മോഡലുകള്‍.

ഈ പാഡ് മിമോയുടെ കരുത്ത് ഡ്യുവല്‍കോര്‍ ക്വാല്‍കൊം പ്രൊസസറിന്റേതാണ്. ഏഴിഞ്ച് കപ്പാസിറ്റീവ് സ്‌ക്രീനില്‍ സ്റ്റൈലസ് ഉപയോഗിക്കാനാവും. 2011 ജൂണില്‍ പുറത്തിറങ്ങുമെന്ന് കരുതുന്ന ഈ മോഡലിന് വില ഏതാണ്ട് 499 ഡോളര്‍ ആയിരിക്കുമെന്ന് 'എന്‍ഡ് ഗാഡ്ഗറ്റ്' റിപ്പോര്‍ട്ട് ചെയ്തു.


ഈ പാഡ് ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രത്യേകത അതിന് പത്തിഞ്ച് ഐപിഎസ് ഡിസ്‌പ്ലെ ആണുള്ളത് എന്നതാണ്. ടെഗ്ര 2 പ്രൊസറാണ് ട്രാന്‍സ്‌ഫോര്‍മറിന്റെ കരുത്ത്. മാത്രമല്ല, ഒരു കീബോര്‍ഡുമായി ഘടിപ്പിച്ചാല്‍ ഈ ടാബ്‌ലറ്റ് ശരിക്കുമൊരു ആന്‍ഡ്രോയിഡ് ലാപ്‌ടോപ്പായി മാറും! 2011 ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് കരുതുന്ന ഈ ടാബ്‌ലറ്റിന്റെ വില 400-700 ഡോളറായിരിക്കുമെന്നാണ് സൂചന.

ഈ പാഡ് സ്ലൈഡറില്‍ തെന്നിമാറ്റവുന്ന കീബോര്‍ഡുണ്ട്. പത്തിഞ്ച് ഐപിഎസ് ഡിസ്‌പ്ലെയാണ് ഇതിലേത്, ടെഗ്ര 2 പ്രൊസസറും. 2011 മെയില്‍ പുറത്തിറങ്ങുമെന്ന് കരുതുന്ന ഈ മോഡലിന് 500-800 ഡോളറായിരിക്കും വില.


അസ്യൂസ് ഈ സ്ലേറ്റ് (Eee Slate)

വിന്‍ഡോസ് 7 ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ലേറ്റ് ആണ് ഇലക്ട്രോണിക്‌സ് ഷോയില്‍ അസ്യൂസ് കമ്പനി അവതരിപ്പിച്ച മറ്റൊരു ഉപകരണം. 12.1 ഇഞ്ച് വലിപ്പമുള്ള ഈ ടാബ്‌ലറ്റിന്റെ മുഴുവന്‍ പേര് 'ഈ സ്ലേറ്റ് ഇപി 121' എന്നാണ്. ഐപാഡിലേതു പോലെ ഈ സ്ലേറ്റിലും ഉപയോഗിച്ചിരിക്കുന്നത് ഇന്‍-പ്ലെയ്ന്‍ സ്വിച്ചിങ് (IPS) ഡിസ്‌പ്ലെ സങ്കേതമാണ്. ഇന്റല്‍ കോര്‍ ഐ5 ചിപ്പാണ് ഇതിലുള്ളത്.

'വാകോം ഡിജിറ്റലൈസര്‍' ഉള്ളതിനാല്‍ ഇതില്‍ എഴുതുകയും ആകാം. ബ്ലൂടൂത്ത് കീബോര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും വിധമാണ് ഈ സ്ലേറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, കീബോര്‍ഡ് ഉപയോഗിച്ചും നിങ്ങള്‍ക്ക് ഈ ടാബ്‌ലറ്റില്‍ രചന നടത്താം. 12.1 ഇഞ്ച് വലിപ്പമുണ്ടെങ്കിലും വലിയ ഭാരമില്ലാതെ ഇത് രൂപകല്‍പ്പന ചെയ്തിടത്താണ് അസ്യൂസിന്റെ വിജയം.


എല്‍ജി ജി-സ്ലേറ്റ് (G-Slate)

ഇലക്ട്രോണിക്‌സ് ഷോയില്‍ എല്‍ജി കമ്പനി പ്രഖ്യാപിച്ച ടാബ്‌ലറ്റാണ് ജി-സ്ലേറ്റ്. ആന്‍ഡ്രോയിഡ് 3.0 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇത്, 4ജി കണക്ടിവിറ്റി സങ്കേതമുള്ളതായിരിക്കും. അമേരിക്കയില്‍ ടി-മൊബൈല്‍ വിപണിയിലെത്തിക്കുന്ന ഈ ഉപകരണത്തിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല. ഗൂഗിള്‍ മാപ്‌സ് ത്രിമാനരൂപത്തില്‍ കാണാന്‍ കഴിയും, മുന്‍വശത്ത് ക്യാമറയുണ്ടാകും തുടങ്ങിയ ചുരുക്കം ചില വിവരങ്ങളെ ലഭ്യമായിട്ടുള്ളു. പത്തിഞ്ച് സ്‌ക്രീനായിരിക്കും ജി-സ്ലേറ്റിന്റേതെന്ന് സൂചനയുണ്ട്. ഗൂഗിള്‍ ടോക്കും ഗൂഗിളിന്റെ പുതിയ ഇബുക്ക് സ്റ്റോറും എത്ര ഭംഗിയായി ജി-സ്ലേറ്റില്‍ പ്രവര്‍ത്തിക്കും എന്നത് ഇലക്ട്രോണിക്‌സ് ഷോയില്‍ എല്‍ജി അധികൃതര്‍ കാട്ടിയ വീഡിയോകളില്‍ നിന്ന് വ്യക്തമായി.


ഏസര്‍ ഐകോണിക്ക ടാബ് എ500 (Iconia Tab A500)

ആപ്പിളിന്റെ ഐപാഡിനെയും സാംസങിന്റെ ഗാലക്‌സി ടാബിനെയും കടത്തിവെട്ടുന്ന സാങ്കേതികത്തികവ്. ഇലക്ട്രോണിക്‌സ് ഷോയില്‍ ഏസര്‍ അവതരിപ്പിച്ച ഐകോണിക്ക ടാബ്‌ലറ്റിന്റെ പ്രാഥമികരൂപത്തെ ഇങ്ങനെയാണ് പലരും വിശേഷിപ്പിക്കുന്നത്. മോട്ടറോള ക്‌സൂമിന്റേത് പോലെ 10.1 ഇഞ്ച് വലിപ്പമാണ് ഐകോണിക്കയ്ക്കും. വൈഫൈ, 3ജി, 4ജി കണക്ടിവിറ്റി സങ്കേതമുള്ള ഇതലേത് ഡ്യുവല്‍-കോര്‍ ടെഗ്ര 2 പ്രൊസസറാണ്.

വെറും 13.3 മില്ലീമീറ്റര്‍ കനം മാത്രമുള്ള ഈ ടാബ്‌ലറ്റ് ആന്‍ഡ്രോയിഡ് 2.2 പതിപ്പിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, പിന്നീടിത് ആന്‍ഡ്രോയിഡ് 3.0 പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. ഫുള്‍ കപ്പാസിറ്റീവ് സ്‌ക്രീനാണ് ഐകോണിക്കയിലേത്. അതില്‍ 1080പി വീഡിയോ പ്ലേബാക്ക് സാധ്യമാണ്. പൂര്‍ണരൂപത്തിലുള്ള യു.എസ്.ബി.പോര്‍ട്ടോടുകൂടി രംഗത്തെത്തുന്ന ഈ ടാബ്‌ലറ്റ് രൂപഘടനയിലും മികവ് പുലര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രോണിക്‌സ് ഷോയില്‍ മറ്റ് രണ്ട് ടാബ്‌ലറ്റ് മോഡലുകള്‍ക്കൂടി ഏസര്‍ അവതരിപ്പിച്ചു. ഏഴിഞ്ച് വലിപ്പമുള്ള ഒരു ആന്‍ഡ്രോയിഡ് ടാബ്‌ലറ്റും, 10.1 ഇഞ്ച് വിന്‍ഡോസ് ടാബ്‌ലറ്റും. സ്​പര്‍ശനാനുഭവത്തെ മികച്ചതാക്കാന്‍ സാഹായിക്കുന്ന അടുത്ത തലമുറ എ.എം.ഡി.ചിപ്പാണ് വിന്‍ഡോസ് ടാബ്‌ലറ്റിലേത്. 15 മില്ലീമീറ്റര്‍ കനമുള്ള ഇതിന്റെ ഭാരം ഒരു കിലോഗ്രാമില്‍ താഴെയാണ്. 3ജി, വൈഫൈ കണക്ടിവിറ്റിയാണ് വിന്‍ഡോസ് ടാബ്‌ലറ്റിലേത്. വീഡിയോ വിളികള്‍ക്കായി മുന്‍വശത്ത് 1.3 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്.


എഒസി ബ്രീസ് (AOC Breeze)

ഐപാഡിന്റെയത്ര വില നല്‍കി വലിയ കമ്പനികളുടെ ടാബ്‌ലറ്റ് വാങ്ങാന്‍ മടിയുള്ളയാളാണോ നിങ്ങള്‍. എങ്കിലിതാ വെറും 200 ഡോളര്‍ വിലയ്ക്ക് ഒരു ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ്. ആന്‍ഡ്രോയിഡ് 2.1 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ബ്രീസ് എന്ന മോഡല്‍ എ.ഒ.സി.യാണ് ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചത്. എല്‍.ഇ.ഡി, എല്‍.സി.ഡി. മോണിറ്ററുകള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയായ എ.ഒ.സിയുടെ സ്വന്തം ടാബ്‌ലറ്റാണ് ബ്രീസ്.

4 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉള്ള ഈ ടാബ്‌ലറ്റില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 800 ഗുണം 600 റിസല്യൂഷനുള്ള സ്‌ക്രീനാണ് ബ്രീസിന്റേത്. ഓഡിയോ പ്ലേബാക്കിന് 12 മണിക്കൂറും വീഡിയോയ്ക്ക് ആറ് മണിക്കൂറും ബാക്കപ്പ് ലഭിക്കുന്ന ബാറ്ററിയാണ് ബ്രീസിലേതെന്ന് കമ്പനി അവകാശപ്പെടുന്നു. റോക്ക്ചിപ്പ് പ്രൊസസറും കാലഹരണപ്പെട്ട ആന്‍ഡ്രോയിഡ് 2.1 പതിപ്പും ബ്രീസിന്റെ ആകര്‍ഷണീയത കുറയ്ക്കുന്നു. പക്ഷേ, വിലയാണ് ഇതിന്റെ തുറുപ്പ് ശീട്ട്.


അലൂരടെക് സിനിപാഡ് (Aluratek Cenepad)

ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിക്കപ്പെട്ട വിലകുറവുള്ള ടാബ്‌ലറ്റുകളിലൊന്നാണ് അലൂരടെകിന്റെ സിനിപാഡ്. 10.1 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനോടു (റിസല്യൂഷന്‍ 1024 ഗുണം 600) കൂടിയ ഈ ടാബ്‌ലറ്റിന് 299 ഡോളരാണ് വില. ആന്‍ഡ്രോയിഡ് 2.2 (ഫ്രൊയോ) പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റ് അടുത്ത മാസം വിപണിയിലെത്തുമെന്നാണ് കരുതുന്നത്. വൈഫൈ കണക്ടിവിറ്റിയും മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുള്ള ഈ ടാബ്‌ലറ്റിന് അഡോബി ഫ് ളാഷ് ലിറ്റിന്റെ പിന്തുണയും ലഭിക്കും. അഞ്ചു മുതല്‍ പത്തു മണിക്കൂര്‍ വരെ ബാക്കപ്പ് ലഭിക്കുന്ന ബാറ്ററിയാണ് സിനിപാഡിലേത്.


ഡെല്‍ സ്ട്രീക്ക് 7 (Dell Streak 7)

ഡെല്ലിന്റെ ഏഴിഞ്ച് വലിപ്പമുള്ള ആന്‍ഡ്രോയിഡ് ടാബ്‌ലറ്റാണ് ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിക്കപ്പെട്ട മറ്റൊരു പുതു തലമുറ ഉപകരണം. സ്ട്രീക്ക് 7 എന്ന പേരിലുള്ള ഈ ടാബ്‌ലറ്റ് ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിലല്ല പ്രവര്‍ത്തിക്കുക. ഇതിലുള്ളത് ആന്‍ഡ്രോയിഡ് 2.2 പതിപ്പാണ്. 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ ടാബ്‌ലറ്റിന്റെ നട്ടെല്ല്, 1 ഏഒ്വ ഡ്യുവല്‍കോര്‍ ടെഗ്ര 2 പ്രൊസസറാണ്. അമേരിക്കയില്‍ ടി-മൊബൈല്‍ 4ജി നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് സ്ട്രീക്ക് 7 എത്തുന്നത്.


നോ (Kno)

ലീനക്‌സില്‍ പ്രവര്‍ത്തിക്കുന്ന 14 ഇഞ്ച് ടാബ്‌ലറ്റാണ് നോ. ഇതിന്റെ സവിശേഷത ഒറ്റ സ്‌ക്രീനും ഇരട്ടസ്‌ക്രീനുമുള്ള രണ്ട് മോഡലുകളില്‍ ഇത് ലഭിക്കും എന്നതാണ്. വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് ഇരട്ട സ്‌ക്രീന്‍ ടാബ്‌ലറ്റ് പുറത്തിറക്കുന്നത്. സ്റ്റൈലസും ഇതില്‍ പ്രവര്‍ത്തിക്കും. നോയുടെ 1440 ഗുണം 900 റിസല്യൂഷനോടു കൂടിയ ഐപിഎസ് ഡിസ്‌പ്ലെ മികച്ച ദൃശ്യാനുഭവം നല്‍കും

(Source)

No comments:

Post a Comment

Copyright 2010 @ Keve Tech News