Monday 17 January 2011

കണ്ടാല്‍ കളിപ്പാട്ടം; കുഞ്ഞുലാപ്‌ടോപ്പിന് ആവശ്യക്കാര്‍ ഏറെ



കണ്ടാല്‍ കളിപ്പാട്ടം; കുഞ്ഞുലാപ്‌ടോപ്പിന് ആവശ്യക്കാര്‍ ഏറെ
ന്യൂദല്‍ഹി: ഗ്രാമീണ ഇന്ത്യയിലെ ദരിദ്ര കുട്ടികള്‍ക്ക് വേണ്ടി തയാറാക്കിയ കുഞ്ഞു ലാപ്‌ടോപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. കാഴ്ചയില്‍ വെറുമൊരു കളിപ്പാട്ടം പോലെ തോന്നിക്കുന്ന ഈ ലാപ്‌ടോപ്പ് ആയരിക്കണക്കിനാണ് വിറ്റു പോകുന്നത്. ന്യൂ ഡല്‍ഹിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിലാണ് കുഞ്ഞു ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ അവസരം നല്‍കിയത്.

താഴെ വീണാലും വലിച്ചെറിഞ്ഞാലും ഒരു പോറല്‍ ഏല്‍ക്കാതെ ദീര്‍ഘകാലം പ്രവര്‍ത്തിക്കും എന്നതാണ് കുഞ്ഞുലാപ്‌ടോപ്പിന്റെ പ്രധാന മേന്മ.  ആ രീതിയിലാണ് ഇതിന്റെ നിര്‍മാണവും. സൗരോര്‍ജം ഉപയോഗിച്ചാണ്  പ്രവര്‍ത്തനം. ഇന്ത്യന്‍ അവസ്ഥ മുന്നില്‍ കണ്ടാണ് ഇതിന് രൂപകല്‍പന നല്‍കിയതെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വന്‍പ്രതികരണമാണ് ലഭിച്ചു വരുന്നതെന്നും കുഞ്ഞു ലാപ്‌ടോപ്പിന്റെ രൂപകല്‍പന നിര്‍വഹിച്ച ഒ.എല്‍.പി.സി ഇന്ത്യാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സതീഷ് ഝാ 'മാധ്യമ'ത്തോട് പറഞ്ഞു. പഞ്ചായത്തുകള്‍ക്കു കീഴില്‍ നവീന പഠന മാധ്യമം എന്ന നിലക്ക് വിദേശ ഇന്ത്യക്കാരെ കൊണ്ട് ആയിരക്കണക്കിന് കുഞ്ഞു ലാപ്‌ടോപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് ഝാ.

ഒരു വാട്ട് പവര്‍ മാത്രമേ ഇതിനു വേണ്ടൂ.സൗരോര്‍ജം ഇല്ലാതെ വന്നാല്‍ കാര്‍ ബാറ്ററി കൊണ്ടും പ്രവര്‍ത്തിപ്പിക്കാം  അങ്ങനെ വൈദ്യുതി ഇല്ലാത്ത ആയിരക്കണക്കിന് കൂരകളിലും ലാപ്‌ടോപ്പ് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. കട്ടി കൂടിയ പ്ലാസ്റ്റിക് കൊണ്ടാണ് ആവരണംനിര്‍മിച്ചിരിക്കുന്നത്. കടുത്ത സൂര്യപ്രകാശത്തിലും സ്‌ക്രീന്‍ വ്യക്തത ലഭിക്കും. അതുകൊണ്ട് തുറസ്സായ സ്ഥലങ്ങളിലെ ക്ലാസ് മുറികളില്‍ വരെ പ്രവര്‍ത്തനം അനായാസം.
ഹാര്‍ഡ് ഡിസ്‌കിനു പകരം രണ്ട് ഇന്‍േറണല്‍ കാബിളുകളാണ് കുഞ്ഞു ലാപ്‌ടോപ്പിനുള്ളത്. സാധാരണ ലാപ്‌ടോപ്പിനേക്കള്‍ പ്രവര്‍ത്തന സൗകര്യം, കൂടുതല്‍ കളര്‍ വിഷന്‍ കാമറ, മൈക്രോഫോണ്‍, സ്റ്റീരിയോ സ്‌പീക്കര്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും. വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യവും എളുപ്പം. പതിനായിരം രൂപയാണ് ലാപ്‌ടോപ്പിന് ഈടാക്കുന്നത്.സര്‍ക്കാര്‍ ഏജന്‍സികളിലൂടെയും വിദേശ ഇന്ത്യക്കാരിലൂടെയും തുക ഈടാക്കി ഗ്രാമീണ മേഖലയിലെ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം -ഝാ പറയുന്നു.

(Source)

No comments:

Post a Comment

Copyright 2010 @ Keve Tech News