ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാവിസാധ്യതകള്‍ മുന്നില്‍ കണ്ട് മാധ്യമരാജാവായ റുപേര്‍ട്ട് മര്‍ഡോക് ടാബ്‌ലറ്റ് പത്രം ആരംഭിച്ചു. മര്‍ഡോകിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പ്പറേഷന്‍ രംഗത്തിറക്കിയ 'ദി ഡെയ്‌ലി' (The Daily), അച്ചടിമഷി പുരളാന്‍ ഭാഗ്യം സിദ്ധിച്ച പത്രമല്ല. ഡിജിറ്റല്‍ രൂപത്തില്‍ മാത്രമേ അത് വായനക്കാര്‍ക്ക് മുന്നിലെത്തൂ.
'പുതിയ കാലം പുതിയ ജേര്‍ണലിസം ആവശ്യപ്പെടുന്നു''-ബുധനാഴ്ച ആ ഡിജിറ്റല്‍ പത്രം അവതരിപ്പിച്ചു കൊണ്ട് മര്‍ഡോക് ന്യൂയോര്‍ക്കില്‍ പറഞ്ഞു. സാധാരണ ഓണ്‍ലൈന്‍ പത്രങ്ങളില്‍ നിന്ന് ദി ഡെയ്‌ലിക്കുള്ള വ്യത്യാസം, ഐപാഡ് പോലുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ മാത്രമേ അത് വായിക്കാന്‍ കഴിയൂ എന്നതാണ്. ദി ഡെയ്‌ലിയുടെ ഐപാഡ് ആപ്ലിക്കേഷനാണ് ഇപ്പോള്‍ അവതരിപ്പിച്ചത്.
ടാബ്‌ലറ്റ് കമ്പ്യൂട്ടറില്‍ മാത്രം വായിക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യ പത്രമാണ് ദി ഡെയ്‌ലി. എല്ലാ പ്രഭാതങ്ങളിലും പത്രത്തിന്റെ ആപ്ലിക്കേഷന്‍ റിഫ്രെഷ് ചെയ്യപ്പെടും. ഓരോ പ്രഭാതത്തിലും പുതിയ പത്രം മുന്നിലെത്തുമെന്ന് സാരം. പക്ഷേ, പത്രം സൗജന്യമല്ല. ഓരോ ആഴ്ചയിലും ഉപയോക്താവിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 99 സെന്റ് വീതം ചെലവിട്ടാലേ പത്രം ലഭിക്കൂ. വാര്‍ഷിക വരിസംഖ്യ 40 ഡോളര്‍.
ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ക്കൂടി ഉപയോഗിക്കപ്പെടുത്തുന്നതാണ് ദി ഡെയ്‌ലി. ഫോട്ടോഗ്രാഫുകളും വീഡിയോകളും കൂടാതെ ഇന്ററാക്ടീവ് ഫീച്ചറുകളും ഉള്‍പ്പെടുത്തി അച്ചടിച്ച പത്രത്തില്‍ നിന്ന് വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യുന്ന ഒന്ന്.
ഇത് വെറുമൊരു ഡിജിറ്റല്‍ പരീക്ഷണമായി മാത്രമല്ല മര്‍ഡോകും കൂട്ടരും കണക്കാക്കുന്നത്. ഡിജിറ്റല്‍ യുഗത്തിന്റെ ആവിര്‍ഭാവത്തോടെ പൊലിമ കുറഞ്ഞ വാര്‍ത്താ ബിസിനസ് മാതൃകയെ പുനര്‍നിര്‍ണയം ചെയ്യാനാനുള്ള സുപ്രധാന നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.
ആപ്പിള്‍ കമ്പനി 2010 ജനവരി 27 ന് ഐപാഡ് അവതരിപ്പിക്കുമ്പോള്‍, അത് കമ്പ്യൂട്ടിങിന്റെ പുത്തന്‍ യുഗപ്പിറവി മാത്രമല്ല, പത്രവ്യവസായത്തിന് പുതുജന്‍മം നല്‍കാനുള്ള അവതാരമായിക്കൂടി വിലയിരുത്തപ്പെട്ടു. അതിന് ശേഷം ലോകം സാക്ഷ്യം വഹിച്ചത് ഒട്ടേറെ കമ്പനികള്‍ എണ്ണമറ്റ ടാബ്‌ലറ്റ് മോഡലുകളുമായി രംഗത്തെത്തുന്നതാണ്.
ലോകത്ത് അലയടിച്ചുകൊണ്ടിരിക്കുന്ന ടാബ്‌ലറ്റ് യുദ്ധം പത്രവ്യവസായത്തിന് അനുകൂലമാക്കാനുള്ള സുപ്രധാന പരീക്ഷണമാണ് പുതിയ നീക്കത്തിലൂടെ മര്‍ഡോകും കൂട്ടരും ആരംഭിച്ചിരിക്കുന്നതെന്ന് വ്യക്തം. ഈ പരീക്ഷണം വിജയിച്ചാല്‍ അച്ചടിമാധ്യമങ്ങളുടെ ശിരോലിഖിതമാകും മാറ്റിയെഴുതപ്പെടുക.
(Source)
No comments:
Post a Comment