കമ്പ്യൂട്ടറില്‍ അലമാരപോലെ താക്കോലിട്ട് പൂട്ടിവെക്കുന്ന ഒരു ഫോള്‍ഡറെങ്കിലും സ്വന്തമായി വേണമെന്ന് വാശിപിടിക്കുന്നവര്‍ക്ക് വംശനാശം സംഭവിച്ചു തുടങ്ങിയത് ഗൂഗിളും കാക്കത്തൊള്ളായിരം സൗജന്യ ക്ലൗഡ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളും വന്നതോടെയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തമായി 'രണ്ടു സെന്റ്' ഭൂമിയെങ്കിലുമില്ലാത്തവര്‍ നന്നേ കുറവായിരിക്കും. മറ്റുള്ളവരെപോലെ കാശുകൊടുക്കാതെ സ്വന്തമായി രണ്ടു ജി.ബി. സ്ഥലം നല്‍കുന്ന സേവനമല്ല ഡ്രോപ്‌ബോക്‌സ്. ഓഫീസിലെയോ വീട്ടിലെയോ കംപ്യൂട്ടറില്‍ നിന്നോ സ്മാര്‍ട്ട് ഫോണില്‍നിന്നോ പുതിയ ഫയലുകള്‍ സമയാസമയം നെറ്റിലെ 'ഡ്രോപ് ബോക്‌സി'ല്‍ കൃത്യമായി അടുക്കി വെക്കും എന്നതു കൂടിയാണ് അതിനെ സൂപ്പര്‍ ഹിറ്റാക്കിയത്. നമ്മള്‍ പോലും അറിയാതെ ആവശ്യപ്പെട്ട ഡാറ്റ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിക്കുന്ന ഫയല്‍ ഹോസ്റ്റിങ് സര്‍വീസാണ് ഡ്രോപ്പ്‌ബോക്‌സ് എന്ന് ചുരുക്കം.
ആദ്യം www.dropbox.com എന്ന ഔദ്യോഗിക സൈറ്റില്‍നിന്ന് ചെറിയ ഒരു പ്രോഗ്രാം നമ്മുടെ കംപ്യൂട്ടറിലോ മൊബൈലിലോ ഡൗണ്‍ലോഡു ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടെ തന്നെ സ്വന്തമായി സൈറ്റില്‍ അക്കൗണ്ട് ഉണ്ടാക്കാനുള്ള അവസരമുണ്ട്. കൈയില്‍ കാശില്ലെങ്കില്‍ രണ്ടു ജി.ബി സൗജന്യസേവനം സ്വീകരിച്ചാല്‍ മതി. കാശുള്ളവന് 9.99 ഡോളര്‍ കൊടുത്താല്‍ അമ്പതു ജി.ബിയും 19.99 ഡോളര്‍ കൊടുത്താല്‍ നൂറു ജി.ബിയും കിട്ടും.
ഡ്രോപ്‌ബോക്‌സ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുന്നതോടെ സാധാരണയായി മൈ ഡോക്യുമെന്റ്‌സില്‍ അല്ലെങ്കില്‍ നമ്മള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഡ്രോപ്‌ബോക്‌സ് സ്വന്തമായി ഒരു ഫോള്‍ഡര്‍ സൃഷ്ടിക്കും. ഈ ഫോള്‍ഡറില്‍ നമ്മളിടുന്ന പുതിയ ഫയലുകളെല്ലാം അതതു സമയങ്ങളില്‍ നെറ്റില്‍ ഡ്രോപ്‌ബോക്‌സ് നല്‍കിയ നമ്മുടെ സ്വന്തം സ്ഥലത്തേക്ക് അപ്‌ലോഡു ചെയ്തു കൊണ്ടിരിക്കും. ഓരോ സമയവും ആവശ്യമുള്ള ഫയലുകള്‍ ഇമെയിലിലോ മറ്റേതെങ്കിലും ഹോസ്റ്റിങ് സൈറ്റുകളിലേക്ക് അപ്‌ലോഡു ചെയ്യുന്നതിനുപകരം ഡ്രോപ്‌ബോക്‌സ് അതതുസമയങ്ങളില്‍ ബുദ്ധിയുപയോഗിച്ച് ആ പണി ചെയ്തു കൊള്ളും.
അപ്‌ലോഡു ചെയ്ത ഫയലുകള്‍ ലഭിക്കണമെങ്കില്‍ www.dropbox.com ല്‍ ചെന്ന് ഇമെയില്‍ അഡ്രസ്സും പാസ്‌വേഡും ഉപയോഗിച്ചു തുറന്നു നോക്കിയാല്‍ മതി. കംപ്യൂട്ടറില്‍ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറില്‍ സൂക്ഷിച്ച ഫയലുകള്‍ അതേപടി അവിടെ കാണാം. ഇതോടെ ലോകത്തെവിടെയും ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ ഈ ഫയലുകള്‍ നമുക്ക് ഡൗണ്‍ലോഡു ചെയ്തുപയോഗിക്കുകയുമാകാം.
വീട്ടിലെയും ഓഫീസിലെയുമൊക്കെ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലും മൊബൈലിലുമൊക്കെ ഡ്രോപ്‌ബോക്‌സ് ഉപയോഗിച്ചാല്‍ ഇനി പെന്‍ഡ്രൈവിലും സി.ഡി.യിലുമാക്കി ആവശ്യമുള്ള ഫയലുകള്‍ പോക്കറ്റില്‍ കൊണ്ടുനടക്കേണ്ട കാര്യമില്ല. ഡ്രോപ്‌ബോക്‌സ് ഇല്ലാത്ത കംപ്യൂട്ടറിലാണെങ്കില്‍ സൈറ്റില്‍ നേരിട്ട് അപ്‌ലോഡു ചെയ്യാനും സൗകര്യമുണ്ട്. ഓണ്‍ലൈനിലോ കംപ്യൂട്ടറിലോ എവിടെ എപ്പോള്‍ പുതിയ ഫയലുകള്‍ കണ്ടാലും അവ കംപ്യൂട്ടറിലെയും നെറ്റിലെയും മൊബൈലിലെയും എല്ലാ ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറുകളിലും പൊതുവായി കൈമാറുന്ന സിങ്ക്രണൈസിങ് (Synchronize) മാജിക്കാണ് ഇത്.
സാധാരണഗതിയില്‍ ഡ്രോപ്‌ബോക്‌സ് 1.0.20 പതിപ്പുപയോഗിക്കുമ്പോള്‍ കംപ്യൂട്ടറിലെ ഫോള്‍ഡറിലേക്ക് ആവശ്യമുള്ള ഫയലുകള്‍ കോപ്പി ചെയ്തിടേണ്ടിവരുമെന്ന ചെറിയ ഒരു ന്യൂനതയുണ്ടിതിന്. അതിനും ചെറിയൊരു വിദ്യ ചില അഭ്യുദയകാംക്ഷികള്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് Dropbox Shell Tools v0.1.1 എന്ന ഒരു പ്ലഗ് ഇന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏതുഫയലും റൈറ്റ്ക്ലിക്ക് ചെയ്ത് ഡ്രോപ് ബോക്‌സിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനാകും. അതായത് ഒറ്റ ക്ലിക്കില്‍ തന്നെ ഫയലുകള്‍ ഡ്രോപ്‌ബോക്‌സിലെത്തുമെന്നു സാരം.
സൗജന്യമായി കിട്ടുന്ന രണ്ടു ജി.ബി. ചുരുങ്ങിയത് മൂന്നു ജി.ബി.യായി കൂട്ടണമെങ്കില്‍ അതിനും വഴിയുണ്ട്. നമ്മുടെ കൂട്ടുകാരെ കൂടി ശല്യം ചെയ്യണമെന്നു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dropbox.com/free ല്‍ ഒന്നു കയറി നോക്കിയാല്‍ മതി. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ഡ്രോപ്‌ബോക്‌സ് കണക്ടുചെയ്താല്‍ 128 എം.ബി. സ്‌പേയ്‌സ് കൂടി ലഭിക്കും. ട്വിറ്ററില്‍ ഡ്രോപ്‌ബോക്‌സിനെ ഫോളോ ചെയ്യുകയും അവര്‍ക്ക് ഒരു ഫീഡ്ബാക്ക് നല്‍കുകയും ചെയ്താല്‍ അത്രയും കൂടി കിട്ടും, പോരെ!!
(Source)
No comments:
Post a Comment