Saturday 5 March 2011

പുതിയ തലമുറ ഐപാഡ്; അത്ഭുതമായി സ്റ്റീവ് ജോബ്‌സ്‌



സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആപ്പിളിന്റെ പുതുതലമുറ ഐപാഡ് അവതരിപ്പിച്ചുകൊണ്ട് നടന്ന ചടങ്ങിലെ യഥാര്‍ഥ അത്ഭുതം ആ പുതിയ ഉപകരണമായിരുന്നില്ല, സാക്ഷാല്‍ സ്റ്റീവ് ജോബ്‌സ് ആയിരുന്നു. കഴിഞ്ഞ ജനവരി മുതല്‍ മെഡിക്കല്‍ ലീവില്‍ കഴിയുന്ന ജ്റ്റീവ് ജോബ്‌സ് മരണാസന്നനാണെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ഐപാഡ് 2 (iPad 2) അവതരിപ്പിക്കാന്‍ എത്തിയത്.

'ഈ ഉത്പന്നത്തിനായി കുറെ നാളായി ഞങ്ങള്‍ അധ്വാനിക്കുകയായിരുന്നു. അതിനാല്‍ ഈ ദിനം നഷ്ടപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നില്ല'-അത്ഭുതംനിറഞ്ഞ മുഖങ്ങളിലേക്ക് നോക്കിക്കൊണ്ട് ആപ്പിള്‍ മേധാവി പറഞ്ഞു. പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം സ്റ്റീവ് ജോബ്‌സിനെ പിടികൂടിയതായി 2004 ല്‍ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം രണ്ടാംതവണയാണ് അദ്ദേഹം ചികിത്സാവധിയില്‍ പ്രവേശിക്കുന്നത്.


കൂടുതല്‍ വേഗമേറിയ പ്രൊസസറും കൂടുതല്‍ മികവാര്‍ന്ന ഗ്രാഫിക്‌സും മുന്നിലും പിന്നിലും ക്യാമറയുമുള്ളതാണ് ഐപാഡ് 2. ആദ്യ തലമുറ ഐപാഡിനെക്കാളും കനംകുറവുമുള്ളതാണ് പുതിയ ഐപാഡ്. അമേരിക്കയില്‍ മാര്‍ച്ച് 11 നും ബ്രിട്ടന്‍ അടക്കം 26 രാജ്യങ്ങളില്‍ മാര്‍ച്ച് 25 നും ഐപാഡ് 2 വില്‍പ്പനയ്‌ക്കെത്തും. പഴയ ഐപാഡിന്റെ വില തന്നെയായിരിക്കും അമേരിക്കയില്‍ ഐപാഡ് 2 ന് (499-826 ഡോളര്‍).


ആദ്യ തലമുറ ഐപാഡിനെക്കാളും 33 ശതമാനം കനം കുറവാണ് ഐപാഡ് 2 വിന്. ആപ്പിളിന്റെ ഏറ്റവും പുതിയ ഡ്യുവല്‍ കോര്‍ എ5 പ്രൊസസറാണ് ഐപാഡ് 2 ല്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രൊസസിങ് കരുത്ത് പഴയ ഐപാഡിനെക്കാള്‍ ഇരട്ടിയാക്കാന്‍ ഇത് സഹായിക്കും. തീര്‍ച്ചയായും വേഗം കൂടും. ആദ്യ തലമുറ ഐപാഡിനെക്കാളും ഒന്‍പത് മടങ്ങ് വേഗത്തില്‍ ഗ്രാഫിക്‌സ് ലോഡ് ചെയ്യാനുള്ള കരുത്തും പുതിയ ഉപകരണത്തിനുണ്ട്.


മുന്നിലും പിന്നിലുമുള്ള ക്യാമറകള്‍ വീഡിയോ വിളികള്‍ക്കും ഫോട്ടോയൊടുക്കാനും വീഡിയോ റിക്കോര്‍ഡു ചെയ്യാനും ഐപാഡ് 2 നെ സഹായിക്കും. ഐപാഡ് 2 ഉപയോഗിച്ച് അതേ ഉപകരണം മാത്രമല്ല, ഐഫോണ്‍ 4, ഏറ്റവും പുതിയ ഐപോഡ് ടച്ച് എന്നിവ കൈയിലുള്ള സുഹൃത്തുക്കളുമായും വീഡിയോ വിളികള്‍ നടത്താനാകും. 'ആപ്പിള്‍ ഫെയ്‌സ്‌ടൈം' അതിന് സഹായിക്കും. ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ 'ഐഒഎസി'ന്റെ ഏറ്റവും പുതിയ പതിപ്പായ iOS 4.3 ആണ് ഐപാഡ് 2 ല്‍ ഉപയോഗിച്ചിട്ടുള്ളത്.

2010 ജനവരി അവസാനമാണ് ആപ്പിള്‍ കമ്പനി ഐപാഡ് ആദ്യം അവതരിപ്പിച്ചത്. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ പുത്തന്‍ യുഗത്തിന് അത് വഴി തുറന്നു. 2010 ല്‍ മാത്രം 150 ലക്ഷം ഐപാഡാണ് ആപ്പിള്‍ വിറ്റത്. 'ഐപാഡ് 2 ന്റെ വര്‍ഷമായിരിക്കും 2011' എന്ന് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് പ്രഖ്യാപിച്ചു.


2010 ആദ്യം അവതരിപ്പിക്കപ്പെട്ട ശേഷം ഐപാഡിനായിരുന്നു ടാബ്‌ലറ്റ് വിപണിയില്‍ കുത്തക. 2010 സപ്തംബര്‍ വരെ ടാബ്‌ലറ്റ് വിപണിയുടെ 95 ശതമാനവും ഐപാഡാണ് കൈയടക്കിയിരുന്നത്. എന്നാല്‍ 2010 അവസാനമായപ്പോഴേക്കും ആ വിഹിതം 75 ശതമാനമായതായി 'സ്ട്രാറ്റജി അനലിറ്റിക്‌സ്' പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.


ആപ്പിളിന് പിന്നാലെ മറ്റ് കമ്പനികളും പുതിയ ടാബ്‌ലറ്റുകളുമായി രംഗത്തെത്തിയതാണ് ഐപാഡിന്റെ വിഹിതം കുറയാന്‍ കാരണമായത്. 'ഗാര്‍ട്‌നെറു'റെ വിലയിരുത്തല്‍ പറയുന്നത് 2011 ല്‍ ലോകത്താകമാനം 640 ലക്ഷം ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വിറ്റഴിയും എന്നാണ്. വളര്‍ന്നു വരുന്ന ഈ സാധ്യത കണ്ടുകൊണ്ട് പുതിയ കമ്പനികള്‍ ഓരോ ദിവസവും രംഗത്തെത്തുകയാണ്. ലാസ് വേഗാസില്‍ ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (CES 2011)യില്‍ 82 പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ അവതരിപ്പിക്കപ്പെട്ടു എന്നു പറയുമ്പോള്‍, ഈ രംഗം എത്ര വലിയ മത്സരത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് വ്യക്തമാണല്ലോ.


ഐപാഡിന് വെല്ലുവിളിയായി രംഗത്തെത്തിയ ടാബ്‌ലറ്റുകളില്‍ മിക്കതും ഗൂഗിളിന്റെ ഓപ്പണ്‍സോഴ്‌സ് പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവയായിരുന്നു. ടാബ്‌ലറ്റുകള്‍ക്ക് മാത്രമായുള്ള ആന്‍ഡ്രോയിഡ് 3.0 ഹണികോമ്പ് വേര്‍ഷന്‍ 2011 ഫിബ്രവരി ആദ്യ ആഴ്ചയാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിന് പിന്നാലെ ടാബ്‌ലറ്റ് രംഗം കൊഴുപ്പിക്കാന്‍ പുതിയ ചില മൊബൈല്‍ പ്ലാറ്റ്‌ഫോമുകളും രംഗത്തെത്തിക്കഴിഞ്ഞു. മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 ആണ് അതില്‍ പ്രധാനം, എച്ച് പി അവതരിപ്പിച്ച 'വെബ്ബ് ഒഎസ്' മറ്റൊന്ന്.

ഗവേഷണ കമ്പനിയായ 'ഓവ'ത്തിലെ ആദം ലീച്ചിന്റെ അഭിപ്രായത്തില്‍, വരും വര്‍ഷങ്ങളില്‍ രണ്ട് പടക്കുതിരകളാകും ടാബ്‌ലറ്റ് രംഗത്തെ അധിപത്യം സ്ഥാപിക്കാനുണ്ടാവുക-ആപ്പിളും ഗൂഗിളും. 2011 ഉം അതിനടുത്ത വര്‍ഷങ്ങളിലും ആപ്പിളിന്റെ പ്ലാറ്റ്‌ഫോമായ ഐഒഎസിന് തന്നെയായിരിക്കും മേധാവിത്വം. 2015 ഓടെ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പിളിന്റെ പ്ലാറ്റ്‌ഫോമിനെ കടത്തിവെട്ടുമെന്നും ആദം ലീച്ച് പറയുന്നു.





(Source)

No comments:

Post a Comment

Copyright 2010 @ Keve Tech News