Tuesday 21 June 2011

അധിക സൗകര്യങ്ങളുമായി ലിബ്ര ഓഫീസ് 3.4




സ്വതന്ത്ര സോഫ്ട്‌വേര്‍ വിഭാഗത്തിലെ ലിബ്ര ഓഫീസിന്റെ പുതിയ പതിപ്പ് രംഗത്തെത്തി. ബിസിനസ് ആവശ്യക്കാര്‍ക്കുള്ള സൗകര്യങ്ങളാണ് ലിബ്ര ഓഫീസ് 3.4 പതിപ്പിലുള്ളത്. മൈക്രോസോഫ്ടിന്റെ ഓഫീസ് സോഫ്ട്‌വേര്‍ പാക്കേജിന് പകരമായി രംഗത്തുള്ള സോഫ്ട്‌വേറാണ് ലിബ്ര ഓഫീസ്. വിന്‍ഡോസ്, ലിനക്‌സ്, മാക് തുടങ്ങി മിക്ക ഒഎസുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ലിബ്ര ഓഫീസ് പാക്കേജ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

എം.എസ്. വേഡിന് ബദലായി ഉപയോഗിക്കാവുന്ന റൈറ്റര്‍, എക്‌സലിന് ബദലായുള്ള കാല്‍ക്, പവര്‍പോയന്റിന് പകരമുള്ള ഇംപ്രസ് തുടങ്ങി എം.എസ്. ഓഫീസ് പാക്കേജില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലിബ്രെ ഓഫീസിലുണ്ട്. മാത്രമല്ല മാത്തമാറ്റിക്കല്‍ ഫോര്‍മുലകള്‍ ഉണ്ടാക്കാനും എഡിറ്റ് ചെയ്യാനുമുള്ള 'മാത്‌സ്', കോറല്‍ ഡ്രോയുടെ സവിശേഷതയോടു കൂടിയ വെക്റ്റര്‍, ഗ്രാഫിക് എഡിറ്ററായ 'ഡ്രോ' എന്നീ ആപ്ലിക്കേഷനുകളും ലിബ്ര ഓഫീസില്‍ ലഭ്യമാണ്.

മെനുവിന്റെയും മറ്റും കാര്യത്തിലും ഉപയോഗരീതിയിലും എം.എസ്. ഓഫീസിനോട് സാമ്യം പുലര്‍ത്തുന്നതിനാല്‍ ഈ പാക്കേജിലേക്ക് മാറുമ്പോള്‍ കാര്യമായ ബുദ്ധിമുട്ട് ഉപഭോക്താക്കള്‍ക്ക് ഉണ്ടാവില്ല. എം.എസ്. ഓഫീസ് പോലെ വളരെയധികം 'യൂസര്‍ ഫ്രണ്ട്‌ലി'യാണ് ഇത്. ആദ്യപതിപ്പായ 3.3 യുടെ പേരായ്മകള്‍ ഒഴിവാക്കി, കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് 3.4 പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്്. എം.എസ്. ഓഫീസ് ഫയലുകള്‍ ലിബ്ര ഓഫീസില്‍ തുറക്കാന്‍ സാധിക്കും എന്നതും ശ്രദ്ധേയമാണ്.

എം.എസ്. ഓഫീസിലേതുപോലെ ഫോണ്ടുകളുടെ പ്രിവ്യൂ കാണാനുള്ള സൗകര്യം, ആകര്‍ഷകമായ മെനു (യൂണിറ്റി സപ്പോര്‍ട്ട്), എസ്.വി.ജി ഫയലുകളെ ഇംപോര്‍ട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം, ലോട്ടസ് വേര്‍ഡ് പ്രോ സോഫ്ട്‌വേര്‍ ഫയലുകള്‍ തുറക്കാനുള്ള സൗകര്യം, മുപ്പതോളം ഭാഷകളില്‍ ഉപയോഗിക്കാം-എന്നിങ്ങനെ ഒട്ടനവധി സവിശേഷതകള്‍ അടങ്ങിയതാണ് പുതിയ പതിപ്പ്.

സ്വതന്ത്ര ഒ.എസ്. വിഭാഗത്തില്‍പ്പെടുന്ന പ്രശസ്തമായ ഉബുണ്ടു തങ്ങളുടെ ഏറ്റവും പുതിയ പതിപ്പില്‍ ലിബ്ര ഓഫീസ് ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇവര്‍ ഓപ്പണ്‍ ഓഫീസ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ മറ്റു ലിനക്‌സ് ഒ.എസുകളായ openSUSE, ഫെഡോറ (Fedora), റെഡ് ഹാറ്റ(RedHat) തുടങ്ങിയവയെല്ലാം ലിബ്ര ഓഫീസാണ് അവരുടെ പുതിയ പതിപ്പുകളില്‍ ഉള്‍പ്പെടുത്തുന്നത്.

അല്‍പ്പം ചരിത്രം

സ്വതന്ത്ര ഓഫീസ് പാക്കേജായ 'ഓപ്പണ്‍ഓഫീസ'ില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ചില അംഗങ്ങള്‍ ചേര്‍ന്ന് 2010 സപ്തംബര്‍ 28ന് 'ദി ഡോക്യുമെന്റ് ഫൗണ്ടേഷന്‍' എന്ന സംഘടന രൂപവത്ക്കരിച്ചു. ഒറാക്കിള്‍ കമ്പനി അവരുടെ നിയന്ത്രണത്തിലുള്ള ഓപ്പണ്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തില്‍ താത്പര്യം കാണിക്കാതിരുന്നതാണ് പുതിയ സംഘടന രൂപവത്കരിക്കാന്‍ കാരണമായത്. ഒറാക്കിള്‍ ഓപ്പണ്‍ ഓഫീസിനെ ഏറ്റെടുത്ത സമയത്തുതന്നെ പലരും അതിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. അതിന് ശേഷം ഓപ്പണ്‍ ഓഫീസിനെ പുതിയ സംഘടനക്ക് കൈാമാറന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഒറാക്കിള്‍ അത് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ലിബ്ര ഓഫീസ് എന്ന പുതിയ പാക്കേജിന് രൂപം കൊടുത്തത്.

2011 ജനവരി 25 ന് ലിബ്ര ഓഫീസിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. ഓപ്പണ്‍ ഓഫീസിന്റെ ഉപയോഗരീതിയില്‍ നിന്നും കാര്യമായ വിത്യാസങ്ങളൊന്നുമില്ലാതെയാണ് ലിബ്ര ഓഫീസും രംഗത്തെത്തിയത്. കൂടാതെ കുറച്ചധികം സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഒറാക്കിളിന്റെ ചുവടുമാറ്റം

എം.എസ്. ഓഫീസിന് ബദലായി ഓപ്പണ്‍ ഓഫീസ് വിഭാഗത്തില്‍ പുറത്തിറങ്ങിയ പ്രമുഖ സോഫ്ട്‌വേറായിരുന്ന ഓപ്പണ്‍ ഓഫീസിനെ ഒറാക്കിള്‍ കൈവിടുന്നു. 2010 സപ്തംബര്‍ വരെ എം.എസ്. ഓഫീസിന് പകരക്കാരനായി മുന്‍നിരയിലായിരുന്നു ഓപ്പണ്‍ ഓഫീസിന്റെ സ്ഥാനം. എന്നാല്‍ ഡേക്യുമെന്റ് ഫൗണ്ടേഷന്‍ ലിബ്ര ഓഫീസ് പുറത്തിറക്കിയതോടെ ഓപ്പണ്‍ ഓഫീസിന്റെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയായിരുന്നു.

1990 ല്‍ സണ്‍ മൈക്രോസിസ്റ്റം സ്റ്റാര്‍ ഓഫീസ് എന്ന സ്വതന്ത്ര ഓഫീസ് സോഫ്ട്‌വേര്‍ പുറത്തിറക്കുന്നത്. വിവിധ ഒഎസുകളില്‍ ഉപയോഗിക്കാവുന്നതും സൗജന്യവുമായ ഈ ഓഫീസ് പാക്കേജ് വളരെപ്പേരെ ആകര്‍ഷിച്ചു എം.എസ്. ഓഫീസ് ആപ്ലിക്കേഷനുകള്‍ക്ക് ബദലായുള്ള എല്ലാ ആപ്ലിക്കേഷനുകളും ഈ പാക്കേജിലും ലഭ്യമായിരുന്നു. എന്നാല്‍ 2009 ല്‍ സണ്‍ കമ്പനിയെ ഓറാക്കിള്‍ ഏറ്റെടുത്തതോടെ സ്റ്റാര്‍ ഓഫീസിന്റെ കാലഘട്ടം അവസാനിച്ചു. അതിനുശേഷം സ്റ്റാര്‍ ഓഫീസിനെ മെച്ചപ്പെടുത്തി ഓപ്പണ്‍ ഓഫീസ് എന്ന പേരില്‍ ഒറാക്കിള്‍ പുറത്തിറക്കുകയായിരുന്നു.

ഓപ്പണ്‍ ഓഫീസിന്റെ കാര്യത്തില്‍ ഒറാക്കിള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നാരോപിച്ചായിരുന്നു ഡേക്യമെന്റ ഫൗണ്ടേഷനും ലിബ്രഓഫീസും രൂപപ്പെട്ടത്. ഒരു പതിപ്പ് കൂടി ഓപ്പണ്‍ ഓഫീസ് പുറത്തിറക്കിയെങ്കിലും ഇപ്പോള്‍ ഓപ്പണ്‍ ഓഫീസിനെ പൂര്‍ണമായും കൈയ്യൊഴിയാന്‍ ഒറാക്കിള്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. അപ്പാച്ചേ സോഫ്ട്‌വേര്‍ ഫൗണ്ടേഷന് (ASF) ആണ് ഓപ്പണ്‍ ഓഫീസ് ഒറാക്കിള്‍ കൈമാറുന്നത്. ഓപ്പണ്‍ ഓഫീസിന്റെ നടത്തിപ്പില്‍ ഒറാക്കിളിനെ സഹായിച്ച ഐം.ബി.എമിന്റെ പിന്തുണയോടെയാണ് ഈ കൈമാറ്റം നടക്കുന്നത്.

ഓപ്പണ്‍ ഓഫീസിന് പകരക്കാരനായി വന്ന ലിബ്ര ഓഫീസിന് പ്രചാരം കൂടിയതും ലിനക്‌സ് ഒഎസുകളില്‍ പ്രശസ്തമായ ഉബുണ്ടു തങ്ങളുടെ പുതിയ പതിപ്പില്‍ നേരത്തെയുണ്ടായിരുന്ന ഓപ്പണ്‍ ഓഫീസിനെ മാറ്റി ലിബ്ര ഓഫീസ് ഉള്‍പ്പെടുത്തിയതുമെല്ലാം ഒറാക്കിളിന്റെ നയംമാറ്റത്തിന് കാരണമായി.

എന്നാല്‍, ഒറാക്കിള്‍ കൈവിട്ടതോടെ ഓപ്പണ്‍ ഓഫീസ് യുഗം അവസാനിച്ചു എന്ന് കരുതാനാകില്ല. അപ്പാച്ചേ ലാബില്‍ നിന്ന് കൂടുതല്‍ കരുത്തോടെ ഓപ്പണ്‍ ഓഫീസ് അല്ലെങ്കില്‍ മറ്റേതെങ്കിലും പേരില്‍ ഈ പാക്കേജ് പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment

Copyright 2010 @ Keve Tech News