Thursday 21 July 2011

താക്കോലും വഴിമാറുന്നു, മൊബൈലിന് മുന്നില്‍
'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും' എന്ന പരസ്യവാചകം കേട്ടിട്ടില്ലേ. ചരിത്രത്തിലെ അതിലളിതമായ, എന്നാല്‍ അടിസ്ഥാനപരമായ ഒരു കണ്ടുപിടുത്തം കൂടി മൊബൈലിന് മുന്നില്‍ വഴിമാറുകയാണ്, അല്ലെങ്കില്‍ മണ്‍മറയാന്‍ പോവുകയാണ്. പോക്കറ്റിലും പഴ്‌സിലും സദാ ജാഗ്രതയോടെ നാം സൂക്ഷിച്ച, മനോഹരമായ കീചെയിനുകള്‍ കൊണ്ട് അലങ്കരിച്ച് കൊണ്ടുനടന്ന താക്കോലെന്ന കൊച്ചു വസ്തുവാണത്. പുരാതന നാഗരികതകളിലെ പോലെ താക്കോലിന്റെ എണ്ണക്കൂടുതല്‍ കാണിച്ച് പ്രതാപം പ്രകടിപ്പിക്കാമെന്ന് ഇനി ഒരു തലമുറയും കരുതേണ്ട. വാച്ചും വാക്മാനും മുതല്‍ ക്യാമറയും കമ്പ്യൂട്ടറും വരെ സകലതും വിഴുങ്ങിയുള്ള മൊബൈലിന്റെ സര്‍വസംഹാരയാത്രയില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് താക്കോല്‍. വീടും കടയും മുതല്‍ വാഹനങ്ങള്‍ വരെ തുറക്കാന്‍ ഇനി താക്കോല്‍ വേണ്ട, വിര്‍ച്വല്‍ കീ ഇന്‍സ്‌റ്റോള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ മതിയാകും.

തീര്‍ത്തും പുതിയതല്ല ഈ സാങ്കേതിക വിദ്യ. വാഹനങ്ങളിലെ കീലെസ് എന്‍ട്രിയുടെയും ഓഫീസുകളിലെ പഞ്ചിങ്കാര്‍ഡുകളുടെയും പിന്മുറക്കാരനായാണ് ഈ സ്മാര്‍ട്ട് താക്കോല്‍ ആപഌക്കേഷിന്റെ വരവ്. ഇലക്ട്രോണിക് ഉപകരണങ്ങളിലെ 'സ്വിസ് ആര്‍മി നൈഫ്' (വിവിധോദ്യേശ പോക്കറ്റ് കത്തി) ആയിമാറിക്കൊണ്ടിരിക്കുന്ന മൊബൈലില്‍, സ്മാര്‍ട്ട് കീ ആപഌക്കേഷന്‍ വരുന്നു എന്നതാണ് പക്ഷേ പ്രത്യേകത. 'പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം' എന്ന് പറയുന്നതുപോലെ മൊബൈല്‍ ഉപയോഗിക്കാന്‍ ഓരാരുത്തര്‍ക്കും ഒന്നല്ല, ഒട്ടനേകം കാരണങ്ങളുണ്ടല്ലോ ഇന്ന്. ക്യാമറയ്ക്കും കമ്പ്യൂട്ടറിനും സ്റ്റീരിയോക്കും പകരമെന്നപോല മൊബൈല്‍ ഇനി താക്കോലായും മാറും, അത് വീടിന്റെയോ കാറിന്റെയോ ഓഫീസിന്റെയോ ഏതുമാവട്ടെ.

അടഞ്ഞ് കിടക്കുന്ന വാതിലിലേക്ക് ഇന്‍ര്‍നെറ്റും കണ്‍വെര്‍ട്ടര്‍ ബോക്‌സും വഴി മൊബൈലില്‍ നിന്നൊരു ചെറുസന്ദേശം, അത്രയേ വേണ്ടൂ വാതില്‍ തുറക്കാന്‍. കള്ളത്താക്കോലിട്ട് കള്ളന്മാര്‍ വാതില്‍ തുറക്കുമെന്ന ഭയവും വേണ്ട. വീട്ടിലെത്തുന്നതിന് മുമ്പേ ഗെയ്റ്റും വാതിലും തുറക്കാനും ലൈറ്റും എ.സി.യും ഓണ്‍ ചെയ്യാനും ഓഫീസിലിരുന്നുകൊണ്ട് വീട്ടിലെ സെക്യൂരിറ്റി ക്യാമറകള്‍ ഓണ്‍ചെയ്യാനുമൊക്കെ കഴിയുന്ന സംവിധാനം ഇപ്പോള്‍ തന്നെ വിപണിയിലെത്തിക്കഴിഞ്ഞു. വയര്‍ലെസ് റേഡിയോ സിഗ്‌നലുകള്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ സഹായിക്കുന്ന ലോക്കുകളും ലഭ്യമാണ്. ജോലിസ്ഥലത്തായിരിക്കുമ്പോള്‍ വീട്ടിലൊരു അതിഥി വന്നാല്‍ വാതില്‍ തുറന്നുകൊടുക്കാന്‍ വീട്ടിലേക്ക് ഓടിവരേണ്ടെന്ന് സാരം. വാതിലിന് ഒരു എസ് എം എസ് അയച്ചാല്‍ മതി!

മെഴ്‌സിഡസ് ബെന്‍സ് ഉപയോക്താക്കള്‍ക്ക് 2009 മുതല്‍ തന്നെ ഇത്തരമൊരു സംവിധാനം (സിപ്കാര്‍ ഷെയറിങ് സര്‍വീസ്) അവരുടെ മൊബൈലുകളില്‍ കമ്പനി ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നുണ്ട്. ഈ ബെന്‍സുകളില്‍ ഡോറുകള്‍ തുറക്കാന്‍ മൊബൈലിലെ ലോക്ക് ഐക്കണില്‍ ഒന്ന് വിരലമര്‍ത്തുകയേ വേണ്ടൂ. ഡോറുകള്‍ തുറക്കാനും എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാനും സഹായകരമായ സമാനമായൊരു മൊ ബൈല്‍ ആപ്ലിക്കേഷന്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ജനറല്‍ മോട്ടോഴ്‌സും അവരുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. വാഹനത്തിലെത്തുന്നതിന് മുമ്പേ എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കാനും എ. സി. പ്രവര്‍ത്തിപ്പിച്ച് തുടങ്ങാനും ഇത് സഹായിക്കുന്നുണ്ട്. ധൃതിയില്‍ വാഹനം പാര്‍ക്ക് ചെയ്ത് പോകുമ്പോള്‍ ഡോറുകള്‍ അടച്ചോ എന്ന് ചെക്ക് ചെയ്യാനും ഇതുവഴി കഴിയും.

നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍ എഫ് സി) എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യയാണ് ഇത്തരം ഫോണുകളില്‍ ഉപയോഗിക്കുന്നത്. താല്‍ക്കാലം ഈ വിദ്യ കുറച്ച് ഫോണുകളില്‍ മാത്രമേ ലഭ്യമായിട്ടുള്ളൂവെങ്കിലും, 2015 ഓടെ 55 കോടി ഉപേയോക്താക്കള്‍ ലോകത്താകെ ഈ സാങ്കേതികവിദ്യയുടെ ഉപയോക്താക്കളായി മാറുമെന്നാണ് കരുതപ്പെടുന്നത്. മൊബൈല്‍ ഉപയോഗം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, വിര്‍ച്വല്‍ താക്കോല്‍ സേവനം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കാര്‍കമ്പനികളും ലോക്ക് നിര്‍മാതാക്കളുമൊക്കെ.

സ്റ്റോക്‌ഹോമിലെ ക്ലാരിയോണ്‍ ഹോട്ടലില്‍ ഇത്തരമൊരു സാങ്കേതിക വിദ്യയുടെ എട്ടുമാസം നീണ്ട പരീക്ഷണം നടക്കുകയുണ്ടായി. ഹോട്ടലില്‍ താമസത്തിനെത്തിയവര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനായി ഒരു വെബ് അഡ്രസ് ടെക്സ്റ്റ് മെസേജായി നല്‍കുകയായിരുന്നു. ചെക്ക് ഇന്‍ പൂര്‍ത്തിയായ ശേഷം തുടര്‍ന്ന് റൂമുകളില്‍ പ്രവേശിക്കാന്‍ അതിഥികളുടെ മൊബൈലിലേക്ക് താക്കോലിന് പകരം ഇലക്ട്രോണിക് കീ അയച്ചുകൊടുത്തു. സംഗതി വിജയമാണെന്നാണ് കണ്ടത്. പ്ലാസ്റ്റിക് കീ കാര്‍ഡുകള്‍ നല്‍കുന്ന ചിലവും, ചെക്ക് ഇന്‍ സ്റ്റാഫിനെ അയക്കുന്ന ചിലവും ഇതിലൂടെ ലാഭിക്കാന്‍ കഴിഞ്ഞു. സ്വീഡനിലെ ഓഫീസുകളിലും സര്‍വകലാശാലകളിലുമൊക്കെ ഇത്തരം സംവിധാനം ഇപ്പോള്‍ തന്നെ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

ഇത്തരം താക്കോലുകളില്‍ കാലാവധി അവസാനിക്കുന്ന സമയം നേരത്തേ തന്നെ സെറ്റ് ചെയ്യാമെന്ന സൗകര്യവുമുണ്ട്. വീടുകളും റൂമുകളുമൊക്കെ വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് കാലാവധി കഴിയുന്ന സമയം തന്നെ കീ ഇങ്ങിനെ ഉപയോഗശൂന്യമാക്കാനും തുടര്‍ന്ന് പ്രവേശനം തടയാനും കഴിയും. കരാര്‍തൊഴിലാളികള്‍ക്ക് കരാര്‍ കഴിയുമ്പോള്‍ ഓഫീസുകളില്‍ പ്രവേശനം നിഷേധിക്കാനും ഇങ്ങിനെ കഴിയും. സന്ദര്‍ശകര്‍ക്കും മറ്റും താല്‍ക്കാലിക പ്രവേശനം നല്‍കാനും വിര്‍ച്വല്‍ കീ കൊണ്ട് കഴിയും. താക്കോല്‍ നഷ്ടപ്പെടുമെന്നോ കീ ഡ്യൂപഌക്കേറ്റ് ചെയ്യുമെന്നോ ഉള്ള ഭീതിയും വേണ്ട.

പക്ഷേ ചാര്‍ജ് തീര്‍ന്ന് ഫോണ്‍ സ്വിച്ചോഫായാല്‍ എന്ത് ചെയ്യും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പരിമിതിയായി ഉന്നയിക്കപ്പെടുന്ന പ്രശ്‌നം. ഇത് കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമായാലും ചിലപ്പാള്‍ വീടിന് പുറത്തിരിക്കേണ്ടി വരും. മൊബൈലില്‍ ഈ സംവിധാനം ഒരുക്കാന്‍ ഇപ്പോള്‍ അല്‍പം ചിലവ് കൂടുതലാണ് എന്നതാണ് മറ്റൊരു പരിമിതി. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍ എഫ് സി) സാങ്കേതികവിദ്യ കൂടുതല്‍ വികസിക്കുന്നതോടെ ചിലവ് കുറയുമൊന്നാണ് മൊബൈല്‍ വിപണി വിദഗ്ധര്‍ കരുതുന്നത്.
(-യാസിര്‍ ഫയാസ്‌ )

No comments:

Post a Comment

Copyright 2010 @ Keve Tech News