Sunday 20 July 2014

ഇങ്ക്‌കേസ് : സ്മാര്‍ട്ട്‌ഫോണിനൊരു രണ്ടാംസ്‌ക്രീന്‍

ഇങ്ക്‌കേസ് : സ്മാര്‍ട്ട്‌ഫോണിനൊരു രണ്ടാംസ്‌ക്രീന്‍

 

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് രണ്ടാംസ്‌ക്രീനുമായി പുതിയ ഗാഡ്ജറ്റ് വരുന്നു. ഫോണിന്റെ പിന്നില്‍ ഘടിപ്പിച്ചോ ഫോണിന്റെ പ്രൊട്ടക്ഷന്‍ കേസ് ആയോ ഉപയോഗിക്കാവുന്ന ഇങ്ക്‌കേസ് പ്ലസ് ( InkCase+ ) ആണ് ഗാഡ്ജറ്റ് വിപണിയിലെ പുതിയ താരം.

ഫോണ്‍ ഓണാക്കാതെതന്നെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിലേക്ക് ആക്‌സസ്സ് ലഭിക്കും എന്നതാണ് ഇങ്ക്‌കേസിന്റെ സൗകര്യം. സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ചോര്‍ച്ച ഉപയോക്താക്കള്‍ക്ക് വലിയ തലവേദനയായ പശ്ചാത്തലത്തില്‍ ഇങ്ക്‌കേസിന് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ഫോണുമായുള്ള ബ്ലൂടൂത്ത് കണക്ഷന്‍ വഴിയാണ് ഇങ്ക്‌കേസ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ 500 എംഎഎച്ച് ബാറ്ററി ഒറ്റ തവണ ചാര്‍ജു ചെയ്യുന്നതിലൂടെ 19 മണിക്കൂര്‍ ഉപയോഗിക്കാനാകും.


5 മില്ലീമീറ്റര്‍ കനം മാത്രമുള്ള ഇങ്ക്‌കേസിന് 45 ഗ്രാം ഭാരമേയുള്ളൂ. 3.5 ഇഞ്ചാണ് ഇതിന്റെ ഡിസ്‌പ്ലേ വലിപ്പം. 300 X 600 റെസലൂഷ്യനിലുള്ള ഇങ്ക്‌കേസ് ഡിസ്‌പ്ലേയ്ക്ക് 200 പിപിഐ മിഴിവുള്ള ചിത്രങ്ങള്‍ നല്‍കാനുമാകും.

കോളുകള്‍ അറ്റന്‍ഡ് ചെയ്യുക, ഫോണിലെ ചിത്രങ്ങള്‍ കാണുക, മെസേജ്, ഈമെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ തുടങ്ങിയവ കാണുക, മ്യൂസിക് പ്ലെയര്‍ നിയന്ത്രിക്കുക, ഇ-ബുക്ക് വായിക്കുക, സ്‌പോര്‍ട്‌സ്-ഫിറ്റ്‌നസ് ആപ്‌ളിക്കേഷനുകള്‍ ഉപയോഗിക്കുക തുടങ്ങി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ ചെയ്യാവുന്ന ഏതാണ്ട് എല്ലാ കാര്യങ്ങളും ഈ ''ഇലക്‌ട്രോണിക് ഇങ്ക്'' ഡിസ്‌പ്ലേ വഴി ചെയ്യാനാകും.

ചെറിയ കാര്യങ്ങള്‍ക്കായി ഫോണ്‍ എപ്പോഴും ഓണ്‍ ചെയ്യുന്നതുമൂലമുള്ള ഊര്‍ജനഷ്ടം വന്‍തോതില്‍ കുറയുമെന്നതിനാല്‍ ഇങ്ക്‌കേസ് പ്ലസ് ഉപയോഗിക്കുന്നതിലൂടെ ഫോണിന്റെ ബാറ്ററിയ്ക്ക് മികച്ച ബാക്കപ്പ് ലഭിക്കും.


ലോസ് ആഞ്ചിലസ് കേന്ദ്രമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഒയാക്‌സിസ് ( Oaxis ) ആണ് ഇങ്ക്‌കേസിന്റെ നിര്‍മാതാക്കള്‍. ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും പ്രവര്‍ത്തിക്കുന്ന ഇങ്ക്‌കേസ് സ്മാര്‍ട്ട്‌ഫോണുകളില്‍ ബ്ലൂടൂത്തിനായി വളരെ കുറച്ച് ചാര്‍ജേ ഉപയോഗിക്കൂ എന്നതിനാല്‍ ഇത് മികച്ച ഫലം നല്‍കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

സപ്തംബര്‍ മാസത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ ഇങ്ക്‌കേസ് പുറത്തിറക്കുമെന്ന് ഒയാക്‌സിസ് കമ്പനി പറയുന്നു.

വ്യത്യസ്ത ഫോണുകള്‍ക്കായി വ്യത്യസ്ത തരത്തിലുള്ള ഇങ്ക്‌കേസുകളാണ് കമ്പനി നിര്‍മിക്കുന്നത്. ശക്തമായ സൂര്യപ്രകാശത്തിലും സ്‌ക്രീന്‍ വ്യക്തമാകുമെന്നതും നനഞ്ഞതോ പൊടിയുള്ളതോ ആയ വിരലുകള്‍ ഉപയോഗിക്കാമെന്നതും ഇങ്ക്‌കേസിനെ ഒരു ഉപഭോക്തൃ-സൗഹൃദ ഉത്പന്നമാക്കുന്നു.

കഴിഞ്ഞ ദിവസം ആരംഭിച്ച ഇങ്ക്‌കേസ് പ്ലസിന്റെ കിക്ക്‌സ്റ്റാര്‍ട്ടര്‍ ക്യാമ്പയിന്പ്രതീക്ഷകള്‍ കവച്ചുവെക്കുന്ന പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് (കടപ്പാട് : Oaxis )

No comments:

Post a Comment

Copyright 2010 @ Keve Tech News